mathsya-bhavan

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ ആശ്വാസ കേന്ദ്രത്തിനരികെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നിർമ്മിച്ച കടപ്പുറം മത്സ്യഭവൻ കാട് കയറി നശിക്കുന്നു. കടപ്പുറത്ത് തിങ്ങിപ്പാർക്കുന്ന മത്സ്യത്തൊഴിലാളികൾക്കായാണ് ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഫിഷറീസ് വകുപ്പ് ഈ കെട്ടിടം പണികഴിപ്പിച്ചത്.
കെട്ടിടം പണിത് കുറച്ചുകഴിഞ്ഞപ്പോൾ ട്രസ് വർ്ക്ക് ചെയ്ത് മുകളിൽ മറ്റൊരു ഹാൾ കൂടി നിർമ്മിച്ചു. വർഷങ്ങളായി പൂട്ടി കിടക്കുന്ന കെട്ടിടവും പരിസരവും കാട് കയറിയ അവസ്ഥയിലാണ്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമാണ്. രാത്രികാലങ്ങളിൽ ഇവിടം അനാശാസ്യ പ്രവർത്തനങ്ങളുടെയും ലഹരി മാഫിയയുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. പരിസരവാസികൾ പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല.
ലക്ഷങ്ങൾ ചെലവഴിച്ച് മികച്ചൊരു കെട്ടിടം പണിതിട്ടും യാതൊരു ഉപയോഗവുമില്ലാതെ കാട് കയറി നശിക്കുമ്പോഴും ഫിഷറീസ് വകുപ്പും സംസ്ഥാന സർക്കാരും കാഴ്ചക്കാരാകുകയാണ്. കടപ്പുറം പഞ്ചായത്തിലുള്ള മത്സ്യത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ, ഉൾനാടൻ മത്സ്യത്തൊഴിലാളികൾ, മത്സ്യക്കർഷകർ, മത്സ്യത്തൊഴിലാളി വനിതകൾ, ഹാർബർ തൊഴിലാളികൾ, ബീച്ച് തൊഴിലാളികൾ ഉൾപ്പെടെ മത്സ്യത്തൊഴിലാളി മേഖലയിൽപെട്ട മുഴുവൻ ആളുകളും ക്ഷേമനിധി സംഖ്യ അടയ്ക്കാനും മറ്റ് ആനുകൂല്യങ്ങൾക്കും 10 കിലോമീറ്റർ അകലെയുള്ള ചാവക്കാട് ഫിഷറീസ് ഓഫീസിനെയാണ് ആശ്രയിക്കുന്നത്. കടപ്പുറം മത്സ്യഭവനിൽ ഉദ്യോഗസ്ഥരെ നിയമിച്ച് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ആ ഓഫീസ് ഉപയോഗപ്പെടുത്തിയാൽ ഏറെ പ്രയോജനകരമാകും. ഇതിനായി കടപ്പുറം പഞ്ചായത്തും ഫിഷറീസ് വകുപ്പും എം.എൽ.എയും സംസ്ഥാന സർക്കാരും നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

കടപ്പുറം മത്സ്യഭവനിൽ അടിയന്തരമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പും സംസ്ഥാന സർക്കാരും നടപടി സ്വീകരിക്കണം. മത്സ്യഭവൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണം.
- സുരേഷ് മുനയ്ക്കക്കടവ് (മത്സ്യത്തൊഴിലാളി)