ആമ്പല്ലൂർ : നാടെങ്ങും നവരാത്രി ആഘോഷം പൊടിപൊടിക്കുമ്പോൾ ചെട്ടിയാരുടെ ക്ഷേത്രത്തിലെ കൃഷ്ണനും ദേവിക്കും പതിവ് നിവേദ്യം മാത്രം. അതും ഇനി എത്രനാൾ ?... അളഗപ്പ ടെക്സ്റ്റയിൽസ് സ്ഥാപകൻ ഡോ.അളഗപ്പ ചെട്ടിയാർ സ്ഥാപിച്ച ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ സ്ഥിതിയാണിത്. ടെക്‌സ്റ്റൈയിൽസ് അടച്ചുപൂട്ടിയതോടെയാണ് ക്ഷേത്രത്തിന് ഈ ദുരവസ്ഥ.
ഒരുകാലത്ത് പ്രൗഡിയോടെയുള്ള നവരാത്രി ആഘോഷങ്ങൾക്ക് വേദിയായിരുന്നു അളഗപ്പ ശ്രീകൃഷ്ണ ക്ഷേത്രം. ആദ്യകാലങ്ങളിൽ പത്ത് ദിവസത്തെ ആഘോഷങ്ങളാണ് പതിവ്. ദിവസവും പ്രത്യേക പൂജകളും വിവിധ കലാപരിപാടികളുമുണ്ടാകും. അളഗപ്പ ചെട്ടിയാരുടെ കാലത്ത് നവരാത്രി ആഘോഷത്തിന് തെന്നിന്ത്യൻ താര റാണിമാരായ പത്മിനി-രാഗിണി സഹോദരിമാരുടെ നൃത്ത പരിപാടി വരെ നടന്നിരുന്നുവെന്നതും ചരിത്രം. കമ്പനി ബംഗ്ലാവിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ആഘോഷപൂർവം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് ഭഗവാന് ചാർത്തുന്നതും വിജയദശമി നാളിൽ പതിവായിരുന്നു. ഇന്നതെല്ലാം വെറും ചടങ്ങ് മാത്രം. വിരലിലെണ്ണാവുന്ന ഭക്തർ എത്തിയാലായി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതോടെ തൊഴിലാളികൾക്കും നാട്ടുകാർക്കും എറെ പ്രതീക്ഷയായിരുന്നു. എന്നാലിപ്പോഴും ടെക്‌സ്റ്റൈയിൽസ് തുറന്നുപ്രവർത്തിപ്പിക്കുന്നതിന് കാര്യമായ നടപടി കേന്ദ്ര സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
ടെക്സ്റ്റയിൽസ് പൂട്ടിയതോടെ ക്ഷേത്രവും അനാഥം
കൊവിഡ് വ്യാപനത്തോടെ അളഗപ്പ ടെക്സ്റ്റയിൽസ് അടച്ചുപൂട്ടിയതോടെ ക്ഷേത്രവും അനാഥമായി. ക്ഷേത്ര പൂജാരിമാർക്ക് ടെക്സ്റ്റയിൽസ് വകയാണ് ശമ്പളം. കമ്പനി ക്വാർട്ടേഴ്‌സുകളിലെ താമസക്കാരും നാട്ടുകാരുമായിരുന്നു ദിനംപ്രതി ദർശനത്തിനെത്തിയിരുന്നത്. കമ്പനി അടച്ചുപൂട്ടിയതോടെ ക്വാർട്ടേഴ്‌സുകളിൽ താമസക്കാരില്ലാതായി. നാട്ടുകാർ തന്നെ ദർശനത്തിനെത്തുന്നത് വല്ലപ്പോഴുമായി. കമ്പനി അടച്ചുപൂട്ടുമ്പോൾ 300 ഓളം സ്ഥിരം ജീവനക്കാരും അത്രതന്നെ താത്കാലിക ജീവനക്കാരുമുണ്ടായിരുന്നു. താത്കാലിക ജീവനക്കാർക്ക് ജോലി നഷ്ടമായപ്പോൾ സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞ എട്ട് മാസമായി ശമ്പളവുമില്ല.