വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ ഇത്തവണയും ഓണാഘോഷമില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഓണനാളുകളിൽ ആയിരങ്ങളാണ് പൊൻമുടിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കഴിഞ്ഞവർഷം ഓണനാളുകളിൽ ഒരുലക്ഷത്തോളം പേരാണ് പൊന്മുടി സന്ദർശിച്ചത്. തിരുവോണം,അവിട്ടം,ചതയം നാളുകളിലാണ് ഏറ്റവും കൂടുതൽപേർ എത്തിയത്. വനംവകുപ്പിന് പാസിനത്തിൽ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചത്.

ഓണനാളുകളിൽ പൊൻമുടിയിലേക്ക് ഒഴുകുന്ന വാഹനങ്ങളുടെ തിരക്കുമൂലം പൊൻമുടി - വിതുര റൂട്ടിൽ ഗതാഗതതടസവും നേരിടാറുണ്ട്. ഇത്രയും സഞ്ചാരികളെത്തുന്ന പൊൻമുടിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന പരാതിയുമുണ്ട്. പൊൻമുടിയിൽ സർക്കാരും, വനംവകുപ്പും ലക്ഷക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തിയത്. പുതിയ പൊലീസ് സ്റ്റേഷനും നിർമ്മിച്ചു. പക്ഷേ പൊൻമുടിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ പ്രഖ്യാപിച്ച ഹെലിപ്പാഡും റോപ്പ് വേയും ഇപ്പോഴും കടലാസിലുറങ്ങുകയാണ്.

മഞ്ഞും മഴയും

മഞ്ഞിലും മഴയിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ് പൊൻമുടി. പ്രതികൂലകാലാവസ്ഥണെങ്കിലും പൊൻമുടിയിൽ സഞ്ചാരികളുടെ തിരക്കുണ്ട്. എന്നാൽ മഴയത്ത് കയറി നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. നേരത്തെ മഴയെ തുടർന്ന് രണ്ടുതവണ പൊൻമുടി അടച്ചിട്ടിരുന്നു. മഴയായതോടെ കാട്ടാന,കാട്ടുപോത്ത്,പന്നി,കരടി,പുലി,​കുരങ്ങുകൾ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ പൊൻമുടിയിലിറങ്ങുന്നുണ്ട്.

നിവേദനം നൽകി

സർക്കാരും ടൂറിസംവകുപ്പും ഓണക്കാലത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടിയിൽ പൊൻമുടിയെയും വിതുരയേയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിതുര ആർട്സ് സൊസൈറ്റി ഭാരവാഹികൾ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടികളുണ്ടായില്ല.