photo

പാലോട്: ഓണം പടിവാതിൽക്കലെത്തിയിട്ടും ഈറ്റത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ല. അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതുമാണ് പ്രതിസന്ധിയാകുന്നത്. വട്ടി,കുട്ട,മുറം,പായ തുടങ്ങിയവ നിർമ്മിച്ചുനൽകി ഉപജീവനം നടത്തുന്ന ഇടിത്താർ,മുത്തിപ്പാറ,അഞ്ചാനക്കുഴിക തുടങ്ങിയ മേഖലകളിലെ ഈറ്റ തൊഴിലാളികൾക്ക് ദുരിതങ്ങൾ മാത്രമാണ്. വിവാഹസദ്യ ഒരുക്കുന്ന സ്ഥലങ്ങളിലേക്കാണ് കൂടുതൽ ഉത്പന്നങ്ങളും ചെലവായിരുന്നത്. എന്നാൽ ഇവന്റ് മാനേജ്മെന്റ് എത്തിയതോടെ ഉത്പന്നങ്ങൾ ഏറക്കുറെ ഉപേക്ഷിച്ച മട്ടിലായി. ഇവരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്താൻ അധികൃതരും തയാറാകാതായതോടെ വലിയ പ്രതിസന്ധിയിലാണ് തൊഴിലാളികൾ.

തൊഴിലാളികൾ പ്രതിസന്ധിയിൽ

പ്രാദേശിക മാർക്കറ്റിൽ 200രൂപ മുതൽ 350രൂപവരെ വിലയുണ്ടായിരുന്ന ഈറ്റ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്. ഇവ വിറ്റുപോകാത്തതിന്റെ പ്രതിസന്ധി വേറെയും. വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ ഈറ്റയ്ക്കായി ഉൾവനങ്ങളിലേക്കു പോകേണ്ട അവസ്ഥയാണ്. നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്. ഇടിഞ്ഞാറിൽ പ്രവർത്തിച്ചിരുന്ന ബാംബൂ കോർപ്പറേഷന്റെ ഡിപ്പോ അടച്ചു പൂട്ടിയതാണ് തൊഴിൽ പ്രതിസന്ധിക്ക് കാരണം. ഓണമെത്തുമ്പോൾ ബോണസും മറ്റാനുകൂല്യങ്ങളും ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ലഭിക്കുന്നില്ല. ബാംബൂ കോർപ്പറേഷൻ എത്തിച്ചിരുന്ന ഈറ്റ ലഭ്യമാക്കാത്തതാണ് പ്രതിസന്ധിയിലെത്തിച്ചത്.

ഈറ്റ എത്തുന്നില്ല

ഇടിഞ്ഞാർ, മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റത്തൊഴിലാളികളാണുള്ളത്. ഇവർക്ക് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ബാംബു കോർപ്പറേഷനാണ് നേരത്തെ ഈറ്റ എത്തിച്ചിരുന്നത്. നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ബാംബു കോർപറേഷനു തന്നെ കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാൽ വർഷങ്ങളായി ഈറ്റ ലഭിക്കുന്നില്ല. പലരും ഉൾവനത്തിൽ നിന്നും ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.