വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് താന്നിമൂട് ആനപ്പെട്ടി റോഡിന് ശാപമോക്ഷമാകുന്നു. റോഡ് ടാറിംഗ് നടത്തുന്നതിനായി ജില്ലാപഞ്ചായത്തും തൊളിക്കോട് പഞ്ചായത്തും കഴിഞ്ഞമാസം ഫണ്ടനുവദിച്ചിരുന്നു. ഇതിൽ തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ അനുവദിച്ച 9 ലക്ഷംരൂപ വിനിയോഗിച്ച് താന്നിമൂട് മുതൽ ആനപ്പെട്ടി വരെയുള്ള റോഡ് കഴിഞ്ഞ ദിവസം കോൺഗ്രീറ്റ് ചെയ്തു. ജില്ലാപഞ്ചായത്ത് അനുവദിച്ച തുകവിനിയോഗിച്ച് തോട്ടുമുക്ക് മുതൽ താന്നിമൂട് വരെ ഉടൻ ടാറിംഗ് നടത്തുമെന്ന് ജില്ലാപഞ്ചായത്തംഗം എസ്.സുനിതയും,ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാനയും അറിയിച്ചു. തോട്ടുമുക്ക് ആനപ്പെട്ടി റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ മാസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിതയും തൊളിക്കോട് പഞ്ചായത്ത് തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസറും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുകയായിരുന്നു.

പരിഹാരമാകുന്നു

പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ജംഗ്ഷനിൽ നിന്നും ആനപ്പെട്ടി മേഖലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് വ‌ർഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. അടുത്തിടെ റോഡ് തകർന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. റോഡിന്റെ മിക്ക ഭാഗത്തും കുഴികളാണ്. ഗട്ടറുകളിൽ വീണ് ഇരുചക്രവാഹനങ്ങളടക്കം അനവധി അപകടങ്ങളാണ് നടന്നത്.

മഴക്കാലത്ത് റോഡിലൂടെയുള്ള യാത്ര കൂടുതൽ ബുദ്ധിമുട്ടുള്ളതാകും. മാത്രമല്ല ഓടകൾ ഇല്ലാത്തതിനാൽ മഴയത്ത് ചെളിയും മണ്ണും കല്ലും മണലും ഒഴുകിയിറങ്ങി റോഡ് വികൃതമാകും.

ഓടയില്ല, റോഡിന്റെ വീതിയും കുറഞ്ഞു

റോഡിന്റെ മിക്ക ഭാഗത്തും ഓടകൾ നിർമ്മിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന ഓടകൾ കൈയേറിയ നിലയിലുമാണ്. ഇതുമൂലം റോഡിന്റെ വീതിയും കുറഞ്ഞിട്ടുണ്ട്. പത്ത് വർഷം മുൻപ് റോഡ് തകർന്നുകിടന്നപ്പോൾ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു റോഡ് സന്ദർശിക്കുകയും ഉടൻ ടാറിംഗ് നടത്താൻ ഫണ്ട് അനുവദിക്കുകയും ചെയ്തു. റോഡ് ടാറിംഗ് നടത്തിയെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വാട്ടർഅതോറിട്ടി റോഡരികുകൾ വെട്ടിപ്പൊളിച്ചു. ഇതോടെ റോഡ് വീണ്ടും ശോച്യാവസ്ഥയിലായി.

അനുവദിച്ച തുക

ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത-25 ലക്ഷം രൂപ

തൊളിക്കോട് പഞ്ചായത്ത്സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻ തോട്ടുമുക്ക് അൻസർ 9 ലക്ഷം