
വിതുര: തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി കണ്ണങ്കര പാമ്പാടി റോഡ് ഗതാഗത യോഗ്യമാക്കും. ഇതിനായി ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ചിരുന്നു. കണ്ണങ്കര പാമ്പാടി റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂൾവാഹനങ്ങളടക്കം ധാരാളം വാഹനങ്ങളും, നൂറുകണക്കിന് ആളുകളുമാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ഗതാഗതയോഗ്യമല്ലാതെ തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി വാർഡിലെ കണ്ണങ്കര ജംഗ്ഷനിൽ നിന്നും പാമ്പാടി മേഖലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. അനവധി അപകടങ്ങളും നടന്നിട്ടുണ്ട്. മഴക്കാലത്ത് റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്.
റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എം.പിക്കും, എം.എൽ.എക്കും, ജില്ലാപഞ്ചായത്തിലും അനവധി തവണ നിവേദനം നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് റോഡ് ഗതാഗതയോഗ്യമാക്കാൻ തുക അനുവദിച്ചെങ്കിലും നടന്നില്ല. അടുത്തിടെ റോഡ് ഏറെ ശോച്യാവസ്ഥയിലായി. കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന്റെ ഫലമായി സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാറും, ആനപ്പെട്ടി വാർഡ്മെമ്പർ ഫസീലാഅഷ്ക്കറും പ്രശ്നത്തിൽ ബന്ധപ്പെട്ടു. ജി.സ്റ്റീഫൻ എം.എൽ.എ റോഡ് സന്ദർശിക്കുകയും അടിയന്തരമായി ഫണ്ട് അനുവദിക്കാൻ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
അനുവദിച്ച തുക.....................21 ലക്ഷം
നിർമ്മാണോദ്ഘാടനം നടത്തി
കണ്ണങ്കര പാമ്പാടി റോഡിന്റെ നിർമ്മാണോദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മറ്റി അദ്ധ്യക്ഷ എസ്.സുനിത,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ തോട്ടുമുക്ക് അൻസർ,ലിജുകുമാർ,അനുതോമസ്,മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.എസ്.പ്രേംകുമാർ,ഷംനാനവാസ്,പുളിമൂട് വാർഡ്മെമ്പർ അശോകൻ, ആനപ്പെട്ടിവാർഡ് മെമ്പർ ഫസീലാഅഷ്ക്കർ, മലയടിവാർഡ് മെമ്പർ എസ്.ബിനിതാമോൾ, പാലോട് കാർഷികവികസനബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ എന്നിവർ പങ്കെടുത്തു.