നെയ്യാറ്റിൻകര: കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രവുമായി ഇടകലർന്ന തൊഴിൽ മേഖലയാണ് നെയ്യാറ്റിൻകര താലൂക്കിലെ കൈത്തറി വ്യവസായം. കസവുമുണ്ട്, സാരി എന്നിവയിലെ വൈദഗ്ദ്ധ്യം ഇവിടത്തെ തൊഴിലാളികളെ ദേശീയ-അന്തർദേശീയ തലത്തിൽ പ്രശസ്തരാക്കി. ഒരുകാലത്ത് ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമായിരുന്നു ഈ മേഖല. കുറഞ്ഞ വേതനം, വിപണിയിലെ മത്സരക്ഷമത ഇല്ലായ്മ, പവർ ലൂമിന്റെ ആധിപത്യം എന്നിവ കൈത്തറി മേഖലയെ ഇല്ലാതാക്കുകയാണ്.
കൈത്തറി സൊസൈറ്റികളിലൂടെ ലഭിക്കുന്ന നൂലായിരുന്നു തൊഴിലാളികളുടെ ആശ്രയം.നൂൽ കിട്ടാതായതോടെ തൊഴിൽദിനങ്ങൾ കുറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി സ്കൂൾ യൂണിഫോമുകൾക്കുള്ള സർക്കാരിന്റെ ഓർഡറാണ് പ്രധാന ജോലി. പലപ്പോഴും മൂന്നും നാലും മാസത്തിലൊരിക്കലാണ് കൂലി ലഭിക്കുന്നത്. അതോടെ പലരും ജോലി ഉപേക്ഷിച്ചു.
ഹാൻഡ്ലൂം എന്ന പേരിൽ പവർലൂം തുണികൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ വിൽക്കപ്പെടുന്നുമുണ്ട്. സാധാരണ ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതിനാൽ പലപ്പോഴും കൈത്തറിയുടെ വില കൊടുത്താണ് പവർ ലൂം തുണിത്തരങ്ങൾ വാങ്ങുന്നത്. കൈത്തറി ഉത്പന്നങ്ങൾ ഗുണമേന്മയിലും ഈട് നിൽക്കുന്നതിലും മികച്ചതാണെങ്കിലും വേർതിരിച്ചറിയാൻ കഴിയാത്ത ഉപഭോക്താക്കൾ എപ്പോഴും കബളിപ്പിക്കപ്പെടുന്നു.
തിരിച്ചറിയാം
കൈത്തറി ഉത്പന്നങ്ങൾ തിരിച്ചറിയുന്നതിനായി ഗവൺമെന്റ് തലത്തിൽ സൊസൈറ്റികൾക്ക് ക്യു.ആർ കോഡ് നൽകിയിട്ടുണ്ടെങ്കിലും കൃത്രിമമായി നിർമ്മിക്കാവുന്നതാണ്. പകരം ഹോളോഗ്രാം നൽകുകയും തുണിത്തരങ്ങൾ നെയ്യുമ്പോൾ ഇഴകൾക്കിടയിൽ ഉറപ്പിക്കുകയുമാണ് യഥാർത്ഥ കൈത്തറി ഉത്പന്നങ്ങൾ തിരിച്ചറിയുന്നതിനുള്ള ശാശ്വത പരിഹാരം.
വികസനം സാദ്ധ്യമാക്കണം
കൈത്തറി മേഖലയുടെ ഉന്നമനത്തിനായി സർക്കാരിന് പല പദ്ധതികളുണ്ടെങ്കിലും യഥാർത്ഥ കൈത്തറി തൊഴിലാളികളിലേക്ക് എത്തിച്ചേരുന്നില്ല. കൈത്തറി എന്ന വ്യാജേന പവർലൂം വസ്ത്രങ്ങൾ വിൽക്കുന്നതിലൂടെ കൈത്തറി വസ്ത്രങ്ങൾക്ക് ലഭിക്കേണ്ട സബ്സിഡി പവർലൂം വസ്ത്രങ്ങൾക്കാണ് ലഭിക്കുന്നത്. കൈത്തറി ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ അനന്തമായ അവസരങ്ങളുണ്ട്. ഓൺലൈൻ വിപണിയും വിനോദസഞ്ചാര പ്രദർശനങ്ങളും മുഖേന വിപണി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ഉത്പന്നങ്ങളുടെ പരസ്യം, സാങ്കേതിക സഹായം, വിപണി ഇടപെടലുകൾ എന്നിവ ശക്തിപ്പെടുത്തുകയാണെങ്കിൽ കൈത്തറി വ്യവസായം നിലനിറുത്താനാകും.