1

കഴക്കൂട്ടം: പുത്തൻതോപ്പ് ഭാഗത്തെ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം തോട്ടുമുഖം ചരുവിള പുത്തൻവീട്ടിൽ(മാധവം) അഭിജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം കാണാതായ കണിയാപുരം സിംഗപ്പൂരുമുക്ക് സ്വദേശി നബീലിനെ കണ്ടെത്താനായില്ല. പുത്തൻതോപ്പിനും വെട്ടുത്തുറയ്ക്കുമിടയ്ക്കുള്ള കടൽത്തീരത്ത് ഇന്നലെ രാവിലെ മര്യനാട് നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയിലാണ് അഭിജിത്തിന്റെ മൃതദേഹം കുടുങ്ങിയത്. പ്ളസ് വണ്ണിന് പഠിച്ച സ്കൂളിൽ പൊതുദർശനത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഏക മകന്റെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വച്ചപ്പോൾ അച്ഛൻ ഗിരീഷ് കുമാറിനും മാതാവ് സജിതയ്ക്കും ദുഃഖം താങ്ങാൻകഴിഞ്ഞില്ല. അഭിജിത്തും നബീലും അടക്കം പ്രദേശവാസികളായ അഞ്ചുപേരാണ് ഓണാവധി ഉല്ലസിക്കാനായി ഞായറാഴ്ച പുത്തൻതോപ്പ് കടലിൽ കുളിക്കാൻ പോയത്. ശക്തമായ തിരയിൽ മുങ്ങിത്താണവരെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയെങ്കിലും അഭിജിത്തിനെയും നബീലിനെയും രക്ഷിക്കാനായില്ല.