1

വിഴിഞ്ഞം: ആധുനിക സൗകര്യങ്ങളോടെ 3 കോടിയോളം രൂപ ചെലവാക്കി പുതുക്കിപ്പണിത ശ്രീനാരായണീയം കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. 1971ൽ എം.പി. മുത്തേടത്ത് ശിലാസ്ഥാപനം നടത്തി 1975ൽ അന്നത്തെ എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എൻ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്ത പെരിങ്ങമ്മല ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ജയന്തി തിയേറ്ററാണ് ആധുനിക സൗകര്യങ്ങളോടെ 50 വർഷങ്ങൾക്ക് ശേഷം പുതുക്കിപ്പണിതത്. മന്ത്രി ജി.ആർ.അനിൽ,അടൂർ പ്രകാശ് എം.പി,എം.എൽ.എമാരായ എം.വിൻസെന്റ്,വി. ജോയ്,വി.ശശി, കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ്, സെക്രട്ടറി തോട്ടം പി. കാർത്തികേയൻ,മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവർ സംസാരിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ സമ്മേളനത്തിൽ അനുമോദിക്കും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി എ.വി. അശോക് കുമാർ, നിർമ്മാണ കമ്മിറ്റി ചെയർമാൻ എസ്.സുശീലൻ,കെ.കവീശ്വർ,ജെ.സന്തോഷ്,ചെന്താമരാക്ഷൻ,മീഡിയ കൺവീനർ എസ്.സുധീഷ് എന്നിവർ പങ്കെടുത്തു.