തിരുവനന്തപുരം: ഭക്തിനിർഭരമായ ഘോഷയാത്രയോടെ ഗണേശോത്സവം സമാപിച്ചു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് അലങ്കരിച്ച വാഹനങ്ങളിൽ വിഗ്രഹങ്ങളെ ശംഖുംമുഖത്തേക്ക് എഴുന്നള്ളിച്ചു. കടലിലെ നിമജ്ജനത്തോടെ ഘോഷയാത്ര സമാപിച്ചു.
ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 9 ദിവസം നീണ്ടുനിന്ന വിഗ്രഹപൂജകൾക്കൊടുവിലാണ് ഘോഷയാത്രയും നിമജ്ജനവും നടന്നത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രെയിനും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചാണ് വിഗ്രഹങ്ങളെ കടലിലിറക്കിയത്.
ഗൂഡല്ലൂരിലെ മഹാമണ്ഡലേശ്വർ സ്വാമി ശങ്കരകൃഷ്ണാനന്ദ സരസ്വതി,ചേങ്കോട്ടുകോണം മഠാധിപതി സ്വാമി ശക്തിശാന്താനന്ദ,മൈസൂർ ആശ്രമത്തിലെ അഘോരി ഭൈരവസ്വാമി എന്നിവർ ഘോഷയാത്രയ്ക്ക് മുന്നോടിയായി ദീപം തെളിച്ചു. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജി.ജയശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.സുരേന്ദ്രൻപിള്ള,പള്ളിക്കൽ സുനിൽ,കൗൺസിലർമാരായ രാജേന്ദ്രൻനായർ,ജോൺസൺ ജോസഫ്,ട്രസ്റ്റ് ഭാരവാഹികളായ പേരൂർക്കട ഹരികുമാർ,രാധാകൃഷ്ണ മേനോൻ,മണക്കാട് രാമചന്ദ്രൻ,ശിവജി ജഗന്നാഥൻ,ധനീഷ് ചന്ദ്രൻ,എസ്.ആർ.കൃഷ്ണകുമാർ,മോഹൻകുമാർ നായർ,ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അയ്യപ്പസംഗമം നടത്തുന്നവർ വിശ്വാസികളാകണം: വി.മുരളീധരൻ
അയ്യപ്പസംഗമം നടത്തുന്നവർ വിശ്വാസികളാകണമെന്ന് വി.മുരളീധരൻ. ശരണം വിളിക്കാൻ തയ്യാറാകാത്ത ഇക്കൂട്ടർ നട തുറക്കുമ്പോൾ പുറംതിരിഞ്ഞ് നിൽക്കുകയല്ല, ഭക്തിയോടെ തൊഴുകയാണ് വേണ്ടത്. സനാതനധർമ്മത്തെ വൈറസിനോട് ഉപമിച്ച തമിഴ്നാട്ടിലെ മന്ത്രിയെ അയ്യപ്പസംഗമത്തിന് ക്ഷണിച്ചത് ഉചിതമല്ല. ഗണപതി മിത്തല്ല ജനങ്ങൾ ഹൃദയത്തിൽ ആരാധിക്കുന്ന ദിവ്യവിഗ്രഹമാണെന്ന് തെളിയിക്കുന്നതാണ് ഗണേശോത്സവമെന്നും വി.മുരളീധരൻ പറഞ്ഞു.