തിരുവനന്തപുരം: കേസ് അന്വേഷണം, തർക്കം തീർക്കൽ തുടങ്ങിയ സമ്മർദ്ദങ്ങൾക്ക് അല്പനേരം വിട നൽകി നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ പെന്നോണം ആഘോഷിച്ചു. കാക്കി യൂണിഫോമിന് പകരം ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു പുരുഷ പൊലീസിന്. വനിതകൾക്ക് ഒരേ നിറത്തിലുള്ള കേരള സാരിയും. കന്റോൺമെന്റ് പൊലീസ് സ്റ്റേഷന്റെ ഓണപ്പാട്ട് ഇത്തവണ എസ്.എച്ച്.ഒ പ്രജീഷ് ശശിയുടേതായിരുന്നു. സ്വന്തമായി എഴുതിയ വരികൾ എസ്.എച്ച്.ഒ പ്രജീഷ് ശശി ആലപിച്ചപ്പോൾ സഹപ്രവർത്തകർ ആവേശത്തോടെ ഏറ്റുപാടി. നീല നിറമുള്ള ഓണവസ്ത്രങ്ങൾ അണിഞ്ഞ് അത്തപൂക്കളമിട്ട് പേട്ട പൊലീസും ഓണം കളറാക്കി. ഫോർട്ട്, മ്യൂസിയം, തമ്പാനൂർ,വഞ്ചിയൂർ തുടങ്ങിയ സ്റ്റേഷനുകളിലും അത്തപ്പൂക്കളവും ഓണസദ്യയുമൊരുക്കി പൊലീസുകാർ ഓണം ആഘോഷിച്ചു.
ഭീമൻ അത്തപ്പൂക്കളമൊരുക്കാനും സദ്യവട്ടത്തിനുമെല്ലാം ചുക്കാൻ പിടിച്ചതും പൊലീസുകാരായിരുന്നു. എന്നും ആഘോഷങ്ങൾക്ക് കാവൽ നിൽക്കുന്നവർ വടംവലിയും കസേരകളിയും പൂക്കളവും തീർത്ത് ആഘോഷിച്ചപ്പോൾ അതിൽ പങ്കെടുക്കാൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെത്തിയിരുന്നു. ഓണാഘോഷങ്ങൾക്കു ശേഷം ഉദ്യോഗസ്ഥർ വീണ്ടും ജോലിയിൽ വ്യാപൃതരായി.