puli

തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലപ്പെടുന്ന പുലികളുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ ഒരു വർഷത്തിനിടെ 12 പുലികളാണ് കൊല്ലപ്പെട്ടത്. കെണിയിൽ കുടുങ്ങിയും മയക്കുവെടിയേറ്റുമാണ് 3 പുലികൾ കൊല്ലപ്പെട്ടതെങ്കിൽ ബാക്കിയുള്ള 9 പുലികളും ഉൾപ്പോര്,വൈദ്യുതാഘാതം,വിഷബാധ,വേട്ടയാടൽ എന്നിവ മൂലമാണെന്ന് വനംവകുപ്പിന്റെ രേഖകളിൽ പറയുന്നു. 2015 ജൂലായ് മുതൽ 2025 ആഗസ്റ്റ് വരെയുള്ള കാലയളവിൽ 92 പുലികൾ വിവിധ കാരണങ്ങളാൽ ചത്തിട്ടുണ്ട്.

2020ലും 2024ലുമാണ് ഇതിനോടടുപ്പിച്ച മരണനിരക്കുണ്ടായത്- 10 എണ്ണം. വനത്തിലെ ഉൾപ്പോര് രൂക്ഷമായതു കാരണമാണ് മരണനിരക്ക് വർദ്ധിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ടെങ്കിലും വനംവകുപ്പ് അധികൃതർ ഇക്കാര്യം നിഷേധിക്കുന്നു. പ്രായാധിക്യത്തെ തുടർന്ന് സ്വാഭാവിക രീതിയിലാണ് 7 പുലികൾ ചത്തതെന്നും അധികൃതർ വ്യക്തമാക്കി. കാട്ടുപന്നിയെ പിടികൂടാൻ വയ്ക്കുന്ന കെണികളിൽ പുലി കുടുങ്ങുന്നത് പലപ്പോഴും മരണത്തിനിടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെ തിരുവനന്തപുരം അമ്പൂരിയിൽ കെണിയിൽ കുടുങ്ങിയ മൂന്നര വയസുള്ള പുലി മയക്കുവെടിവച്ച് പിടികൂടിയതിന് പിന്നാലെ ചത്തിരുന്നു. കാസർകോട് മല്ലംപാറയിലും നെല്ലിയാമ്പതി,കൊല്ലങ്കോട്,മണ്ണാർക്കാട് എന്നിവിടങ്ങളിലും കഴിഞ്ഞവർഷം കെണിയിൽ കുടുങ്ങിയ പുലികൾ ചത്തിരുന്നു.

2015- 2025 വരെയുള്ള

മരണനിരക്ക്

തിരുവനന്തപുരം------- 3

കൊല്ലം------------------------ 2

പത്തനംതിട്ട--------------- 2

കോട്ടയം--------------------- 5

എറണാകുളം------------- 4

ഇടുക്കി------------------------ 6

തൃശൂർ------------------------ 8

പാലക്കാട്------------------- 34

കോഴിക്കോട്-------------- 1

വയനാട്---------------------- 20

മലപ്പുറം----------------------- 3

കണ്ണൂർ------------------------- 1

കാസർകോട്--------------- 3

ആകെ------------------------- 92