
തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ വൻകിട കമ്പനികൾ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇത് സദുദ്ദേശ്യത്തോടെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 180 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സ്വകാര്യ ആശുപത്രികളിൽ പേരിലും മാനേജ്മെന്റ് തലപ്പത്തും മാറ്റം വരുത്താതെ വൻ കമ്പനികൾ വലിയ നിക്ഷേപം നടത്തുന്നു. ഇതിലൂടെ ചികിത്സാചെലവ് വലിയ തോതിൽ വർദ്ധിക്കുന്നു. ലാഭം മാത്രം നോക്കി ആശുപത്രി നടത്തുന്ന സ്ഥിതിയാണിപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ വി.ശിവൻകുട്ടി,മന്ത്രി ജി.ആർ.അനിൽ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം,ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ,കൗൺസിലർ ഡി.ആർ.അനിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സുനിൽകുമാർ,എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു.എസ് തുടങ്ങിയവർ പങ്കെടുത്തു.