
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം വെളിപ്പെടുത്തി സിസ്റ്റത്തിന്റെ കണ്ണിലെ കരടായ യൂറോളജി മേധാവി ഡോ.ഹാരിസ്, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ ആദ്യാവസാനം പങ്കെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 180 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഡോ.ഹാരിസ് എത്തിയത്. ഡോ.ഹാരിസ് കൊളുത്തിയ വിവാദങ്ങൾക്കു ശേഷം ആദ്യമായാണ് മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടന്നത്. വേദിയിലുള്ള മുഖ്യമന്ത്രിയും മറ്റ് അതിഥികളും കാണുന്നവിധത്തിൽ സദസിന്റെ രണ്ടാംനിരയിൽ വകുപ്പ് മേധാവികൾക്കൊപ്പമാണ് ഡോ.ഹാരിസ് ഇരുന്നത്.
വിവാദ വിഷയത്തിൽ മുഖ്യമന്ത്രി എന്തെങ്കിലും പരാമർശം നടത്തുമെന്ന് ഡോക്ടർമാർ ഉൾപ്പെടെ കരുതിയെങ്കിലും പിണറായി വിജയൻ അത്തരം കാര്യങ്ങളിലേക്ക് കടന്നില്ല.അതേസമയം അദ്ധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി വീണാ ജോർജ് വിവാദങ്ങളെക്കുറിച്ച് പരാമർശിച്ചു. ആരോഗ്യ വകുപ്പ് രോഗശയ്യയിലാണെന്ന് ചിത്രീകരിച്ച് സർക്കാർ ആശുപത്രികൾക്ക് പകരം മറ്റ് ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ പി.കെ.ജബ്ബാറും ആശുപത്രി സൂപ്രണ്ട് സുനിൽകുമാറും വേദിയിൽ അടുത്തടുത്ത സീറ്റുകളിലിരുന്ന് കുശലം പറയുന്നതും ഡോ.ഹാരിസ് നോക്കിയിരുന്നു.ഉപകരണക്ഷാമം വെളിപ്പെടുത്തിയ തന്നെ കുറ്റക്കാരനാക്കാൻ ഇരുവരും പ്രവർത്തിച്ചെന്ന് ഡോ.ഹാരിസ് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.