തിരുവനന്തപുരം: നഗരത്തിലെ ഓണനാളുകൾക്ക് തുടക്കമാകുന്നു. ഓണം വാരാഘോഷ ഉത്സവ പതാക ഇന്ന് കൊടിയേറുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വിളംബരഘോഷയാത്ര,വൈദ്യുത ദീപാലങ്കാരങ്ങളുടെയും മീഡിയ സെന്ററിന്റെയും ഫുഡ്‌ഫെസ്റ്റിവലിന്റെയും ഉദ്ഘാടനം, പായസ മത്സരം, വടംവലി മത്സരങ്ങൾ എന്നിവയും ഇന്ന് നടക്കും.3 മുതൽ 9 വരെ നടക്കുന്ന സംസ്ഥാന ഓണം വാരാഘോഷത്തിന്റെ അവസാനഘട്ട അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം വിളംബര ഘോഷയാത്ര രാവിലെ 9ന് കനകക്കുന്ന് കൊട്ടാരവളപ്പിൽ നിന്നാരംഭിക്കും.വിവിധ വാദ്യഘോഷങ്ങളോടെയായിരിക്കും വിളംബര ഘോഷയാത്ര പുറപ്പെടുക. ചെണ്ടമേളം, കൃഷ്ണനാട്ടം, അർജുന നൃത്തം എന്നിവയും ഉണ്ടാകും. പേരൂർക്കട, മണ്ണന്തല, കേശവദാസപുരം, സ്റ്റാച്യു, ഗാന്ധിപാർക്ക്, കരമന എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച് വൈകിട്ട് 6ന് കനകക്കുന്നിൽ സമാപിക്കും. വൈകിട്ട് 6ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉത്സവപതാകയുയർത്തും. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കനകക്കുന്നിൽ ആരംഭിക്കുന്ന മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ വൈകിട്ട് 7നും മന്ത്രി നിർവഹിക്കും. സുരക്ഷാ ക്രമീകരണങ്ങൾ,വാഹന പാർക്കിംഗ് എന്നിവ സംബന്ധിച്ച കാര്യങ്ങളും മന്ത്രി വിലയിരുത്തി. 9ന് നടക്കുന്ന ഘോഷയാത്ര കാണുന്നതിന് വിദേശ ടൂറിസ്റ്റുകൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കുന്ന കാര്യവും പരിഗണിക്കും. ഓണം വാരാഘോഷ പരിപാടികളുടെ ബ്രോഷർ കളക്ടർ അനുകുമാരിക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന അവലോകനയോഗത്തിൽ എം.എൽ.എമാരായ ഐ.ബി.സതീഷ്,സി.കെ.ഹരീന്ദ്രൻ,വി.കെ.പ്രശാന്ത്,ഒ.എസ്.അംബിക,ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ,പി.ആർ.ഡി ഡയറക്ടർ ടി.വി.സുഭാഷ്,സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ്,റൂറൽ എസ്.പി സുദർശൻ തുടങ്ങിയവർ പങ്കെടുത്തു. നാളെ നിശാഗന്ധിയിൽ ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.