
തിരുവനന്തപുരം : നഗരസഭ കരിമഠത്ത് 200 ഭവനങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ഫണ്ടിൽ നിന്നും 27കോടിരൂപ ചെലവഴിച്ച് ആദ്യഘട്ടമായി 128 ഭവനങ്ങൾ ഉൾപ്പെടുന്ന സമുച്ചയമാണ് നിർമ്മിക്കുന്നത്. മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ക്ലൈനസ് റൊസാരിയോ,മേടയിൽ വിക്രമൻ, കൗൺസിലർ എസ്. സലിം, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിവിധ ഭവനപദ്ധതികളിലൂടെ ഇതിനോടകം 15,000 ഭവനങ്ങളാണ് നഗരസഭ പൂർത്തിയാക്കിയത്. കല്ലടിമുഖത്ത് 318 ഫ്ളാറ്റുകൾ, കണ്ണമ്മൂല ബണ്ട്‌കോളനിയിൽ 115 വീടുകൾ, രാജാജിനഗറിൽ 22 ഫ്ളാറ്റുകൾ,കരിമഠത്ത് 432 ഫ്ളാറ്റുകൾ, മതിപ്പുറത്ത് 542 ഭവനങ്ങൾ, ലൈഫ് പദ്ധതിയിൽ 12380 വീടുകൾ എന്നിവ പൂർത്തിയായത്. മതിപ്പുറം,വള്ളക്കടവ്, പൂങ്കുളം എന്നിവിടങ്ങളിലായി 700 ഭവനങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.