രാജ്യത്തെ ആരോഗ്യമേഖലയുടെ മുഖശ്രീയാണ് തലസ്ഥാനത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി. ന്യൂറോ, കാർഡിയോ ചികിത്സാരംഗത്ത് രോഗികളുടെ അവസാന ആശ്രയം. ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന ആശുപത്രിയിൽ നിന്ന് അടുത്തിടെ ഉയരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. നിസ്വാർത്ഥരായ സേവനസന്നദ്ധരായ ഒരുകൂട്ടം ഡോക്ടർമാരുടെ പരിശ്രമങ്ങൾക്കു പോലും അത് മങ്ങലേൽപ്പിക്കുന്നു.

---------------------------------------------------------------------------------

തിരുവനന്തപുരം: ശ്രീചിത്രയുടെ ഭരണതലത്തിൽ ഉത്തരേന്ത്യക്കാരായ ജീവനക്കാർ വർദ്ധിച്ചുവരുന്നതിൽ എതിർപ്പില്ല. പക്ഷേ അവർ ഈ നാട്ടിലുള്ള പാവപ്പെട്ട രോഗികളുടെ വേദനങ്ങൾക്ക് മുന്നിൽ മാടമ്പി മനോഭാവം കാട്ടുന്നത് എതിർപ്പിന് കാരണമാകുന്നു. അങ്ങോട്ട് ഒന്നും പറയേണ്ട, പറയുന്നത് കേട്ടാൽ മതിയെന്ന സമീപനം വർദ്ധിക്കുന്നു.

ഡോക്ടർമാർക്കും മുകളിൽ വളർന്ന ഈ ലോബിയുടെ കൈയ്യിൽപ്പെട്ടതോടെ ശ്രീചിത്ര സാധാരണക്കാരിൽ നിന്ന് അകലുകയാണ്. ഒ.പി സംവിധാനം മുതൽ അഡ്മിഷനും ശസ്ത്രക്രിയയ്ക്ക് ദിവസം നിശ്ചയിക്കലും ഉൾപ്പെടെ സുതാര്യമല്ലാതായി മാറിയെന്ന പരാതി വ്യാപകം. ഘട്ടംഘട്ടമായി സൗജന്യ ചികിത്സാ പദ്ധതികളുടെ കടയ്ക്കൽ കത്തിവച്ച് നിർദ്ധനരായ രോഗികളെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അകറ്റുന്നത് പരമദയനീയമാണ്.ഭാഷാ പ്രശ്നമുള്ളതിനാൽ പാവപ്പെട്ട രോഗികൾക്ക് തങ്ങളുടെ രോഗവിവരം കൃത്യമായി ഡോക്ടറെ ധരിപ്പിക്കാനും കഴിയുന്നില്ല.

ഇഷ്ടക്കാർക്ക് എന്തും നടക്കും!

പുതിയ രോഗികൾക്കും അഡ്മിഷൻ കാത്തിരിക്കുന്ന രോഗികൾക്കും ഒ.പി.ഡികളിൽ കാര്യക്ഷമമായ ടോക്കൺ സംവിധാനം ആവശ്യമാണ്. നിലവിൽ ടോക്കൺ ലഭ്യമാണെങ്കിലും അതിനെ നോക്കുകുത്തിയാക്കി ഇഷ്ടക്കാർക്കായി എന്തും നടത്തും. അഡ്മിഷൻ വെയിറ്റിംഗ് ലിസ്റ്റ് അനന്തമായി നീട്ടിക്കൊണ്ടുപോകും. അകാരണമായുള്ള ഈനടപടി രോഗികളെ ദുരിത്തിലാക്കുന്നു.

ഡയാലിസിസിന്റെ ഫിസ്റ്റുല മാറ്റാനുള്ള അവസരത്തിനായി വാസ്‌കുലർ വിഭാഗത്തിൽ നിരവധി രോഗികൾ കാത്തിരിക്കുന്നു. കൃത്യമായ സമയപരിധിയോ ടോക്കണോയില്ലാത്തതാണ് പ്രശ്നം. സ്വകാര്യ ആശുപത്രികൾ ഈ ചെറിയ ശസ്ത്രക്രിയയ്ക്ക് 25,000 രൂപയിൽ കൂടുതൽ ഈടാക്കും. ശ്രീ ചിത്ര ആയുഷ്മാൻ ഭാരത് കാർഡുള്ളവർക്ക് 6,000 രൂപയിൽ താഴെ മതി. ഓൺലൈൻ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം അടിയന്തരമായി നടപ്പാക്കിയാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.


പുതിയ ബ്ലോക്കും നോക്കുകുത്തി

2.5 ലക്ഷം സ്ക്വയർ ഫീറ്റിൽ കേന്ദ്രസർക്കാർ 230കോടി മുടക്കിനിർമ്മിച്ച പുതിയ ബ്ലോക്ക്, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ അലംഭാവം കാരണം ഇനിയും പൂർണസജ്ജമായിട്ടില്ല. ചുവപ്പുനാടകുരുക്കിൽ പർച്ചേസുകൾ അവതാളത്തിലായി. ചിത്രയിൽ ആദ്യമായി പേവാർഡുകൾ പുതിയ കെട്ടിടത്തിൽ പണിതെങ്കിലും അതും തുറന്നില്ല. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാകുന്ന ജൻ ഔഷധി രാജ്യത്തുടനീളമുണ്ടെങ്കിലും ശ്രീചിത്രയിലില്ല. സ്ഥലപരിമിതി കാരണം ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ആരംഭിക്കാൻ കഴിയില്ലെന്ന് 2017ൽ ഇൻസ്റ്റിറ്റ്യൂട്ട് നിലപാടെടുത്തു. പുതിയ കെട്ടിടം വന്നെങ്കിലും ജൻഔഷധി തുടങ്ങാൻ അധികാരികൾക്ക് താത്പര്യമില്ല.

ക്യാന്റീനില്ല, ബസ് ഷെൽട്ടറും

രോഗികൾക്കും കൂടെയുള്ളവർക്കും ഭക്ഷണം കഴിക്കാൻ ക്യാന്റീനില്ല. ജീവനക്കാരുടെ സൊസൈറ്റി കോഫി കൗണ്ടറുകൾ ലഭ്യമാണ്. പക്ഷേ, ഭക്ഷണം ലഭ്യമല്ല. വികലാംഗരായ രോഗികൾക്ക് ഭക്ഷണം കഴിക്കാൻ ഒരു കിലോമീറ്റർ അകലെ ജംഗ്ഷനിലേക്ക് പോകേണ്ട സ്ഥിതി. സമീപത്തെ ആർ.സി.സിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ലഭ്യമാണ്. ശ്രീ ചിത്രയ്ക്ക് മുന്നിൽ ബസ് സ്റ്റോപ്പോ വെയിറ്റിംഗ്ഷെഡോയില്ല. ബസ് കാത്ത് റോഡിൽ നിൽക്കേണ്ട അവസ്ഥ.