kc-venugopal

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കർണാടക ആർ.ടി.സി കൂടുതൽ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി വേണുഗോപാൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബംഗളൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റാൻഡിലും ഷാന്തിനഗർ ബി.എം.ടി.സി ബസ് സ്റ്റാൻഡിലും നിന്നായിരിക്കും ആലപ്പുഴയിലേക്കുള്ള ബസുകൾ പുറപ്പെടുക. പ്രീമിയം സർവീസുകളെല്ലാം ഷാന്തിനഗറിൽ നിന്നായിരിക്കും പുറപ്പെടുക. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും സർവീസുണ്ടാകും.

സെപ്തംബർ നാലിന് രാത്രി 8.15ന് ബംഗളൂരു ശാന്തിനഗർ സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക. പിറ്റേദിവസം രാവിലെ 7.50ന് ആലപ്പുഴയിലെത്തും. m.kstrtc.in വെബ് സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. നാലുപേർ ഒരുമിച്ച് ടിക്കറ്റ് എടുത്താൽ 5 ശതമാനം വിലക്കുറവും, നാട്ടിലേക്കും തിരിച്ച് ബംഗളൂരുവിലേക്കും ഒരുമിച്ച് ടിക്കറ്റ് എടുത്താൽ 10 ശതമാനം വിലക്കുറവുമുണ്ടാകും. കർണാടക ആർ.ടി.സി.സിയുടെ ഐരാവത്, ക്ലബ് ക്ലാസ് എ.സി സെമി സ്ലീപ്പർ ബസുകളാണ് സർവീസ് നടത്തുക.