വെളളറട: ഓണത്തിരക്ക് വർദ്ധിച്ചിട്ടും അതിർത്തി ഗ്രാമങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പിരശോധനയില്ലെന്ന് വ്യാപക പരാതി. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ പരിശോധനയും നടക്കുന്നില്ല. പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ വരെ വില്പന നടത്തുന്നുണ്ടെന്നാണ് ആരോപണം. ഓണം പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർദ്ധിച്ചതോടെ മായംകലർന്ന ഭക്ഷ്യവസ്തുക്കളും വില്പന നടത്തുന്നുണ്ട്.

എണ്ണയ്ക്കും വ്യാജൻ

എണ്ണവില വർദ്ധിച്ചതോടെ ഓണവിപണി ലക്ഷ്യമിട്ട് അതിർത്തിയിൽ നിന്ന് വ്യാജ വെളിച്ചെണ്ണ വിപണിയിൽ എത്തുന്നുണ്ട്. പൊരിപ്പ് പലഹാരങ്ങൾക്ക് ഏറെ ചെലവുള്ള ഈ സാഹചര്യത്തിൽ മായം കലർന്ന വെളിച്ചെണ്ണയുടെ ഉപയോഗവും തകൃതിയാണ്. ഇതിന് പുറമെ നിലവാരമില്ലാത്ത വ്യാജ ഉത്പന്നങ്ങളും വിവിധയിനം ശീതളപാനീയങ്ങളും എല്ലാം കേരളത്തിലേക്ക് അതിർത്തിവഴി എത്തുന്നുണ്ട്.

 ഏത് ബ്രാൻഡ്

ഓണക്കച്ചവടം ലക്ഷ്യമാക്കി അന്യ സംസ്ഥാനങ്ങളിൽ നിന്നും കവറിലും കുപ്പികളിലും നിറച്ച ഭക്ഷ്യ വസ്തുക്കൾ എത്തുന്നു. ഇവയുടെ പുറത്ത് ഉത്പാദിപ്പിച്ചവരുടെ പേരോ അഡ്രസോയില്ല. എത്രദിവസം ഉപയോഗിക്കാൻ പറ്റുമെന്നുപോലും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഭക്ഷ്യ വസ്തുക്കൾക്ക് കച്ചവടക്കാർക്ക് ഏറെ ലാഭം ലഭിക്കുന്നതുകാരണം വിൽക്കാൻ ഒരു മടിയുമില്ല.