
ബാലരാമപുരം: തിരുവോണത്തിന് ഒരു നാൾ ശേഷിക്കെ ബാലരാമപുരം കൈത്തറിത്തെരുവ് തിരക്കിലമർന്നു. ബാലരാമപുരത്ത് ശാലിഗോത്രത്തെരുവ് എന്ന് വിളിപ്പേരുള്ള കൈത്തറിത്തെരുവിൽ ദിവസങ്ങളായി കച്ചവടം പൊടിപൊടിക്കുകയാണ്. ബാലരാമപുരം വിഴിഞ്ഞം റോഡിൽ പഴയമാർക്കറ്റ് കോമ്പൗണ്ടിൽ ബാലരാമപുരം പഞ്ചായത്തിന്റെ ഓണം വിപണിയും ആരംഭിച്ചതോടെ ബാലരാമപുരം തിരക്കിന്റെ പറുദീസയായി മാറിയിരിക്കുകയാണ്.
എല്ലാ വർഷവും കോടിക്കണക്കിന് രൂപയുടെ കൈത്തറി ഉത്പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്. പവർലൂം വേഷ്ടിമുണ്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്.
കൈത്തറി ടൂറിസത്തിന്റെ
വിപണന സാദ്ധ്യതകൾ
ബാലരാമപുരത്തെ തനത് കൈത്തറിശാലകളിൽ നിന്നും ഒറിജിനൻ കൈത്തറി വസ്ത്രം തേടിയാണ് ജില്ലയിൽ നിന്നും നിരവധി പേർ ഇവിടെയെത്തുന്നത്. നബാർഡ്,സിസ പങ്കാളിത്തത്തോടെയുള്ള ബാലരാമപുരം കൈത്തറിക്കട, കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലത്തിന്റെ അംഗീകാരത്തോടെ സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെ പുതിയ സംരംഭമായ ഫോർച്യൂന ഫാബ്രിക്സ് എന്നിവ കൈത്തറി ടൂറിസത്തിന്റെ വിപണന സാദ്ധ്യതകൾക്ക് തുടക്കമിട്ട് ബാലരാമപുരത്ത് ആരംഭിച്ച പുതിയ കൈത്തറി കേന്ദ്രങ്ങളാണ്.
ഡിസ്കൗണ്ട് സെയിൽ
പൊടിപൊടിക്കുന്നു
സ്ത്രീകൾക്ക് കൈത്തറി, ഡിസൈൻ സാരികൾ, പുരുഷൻമാർക്ക് കൈത്തറി മുണ്ട്, കൈത്തറിഷർട്ട് എന്നിവ പ്രധാന ആകർഷണമാണ്. ഓണക്കാലമായതോടെ കൈത്തറി മുണ്ട്, സെറ്റ് സാരി എന്നിവക്ക് ഡിസ്കൗണ്ട് സെയിലും പൊടിപൊടിക്കുകയാണ്.
തലവേദനയായി വാഹനപാർക്കിംഗ്
വാഹനപാർക്കിംഗ് ആണ് കൈത്തറിത്തെരുവിൽ കൂടുതൽ തലവേദനയാകുന്നത്. കടയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്ത് പോകുന്നത് കച്ചവടത്തേയും സാരമായി ബാധിക്കുകയാണ്. ബാലരാമപുരത്തെ നാല് റോഡുകളും തിരക്കിലമർന്നതോടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസും ഹോംഗാർഡുകളും ഏറെ പണിപ്പെടുകയാണ്. ട്രാഫിക്ക് കുരുക്കിൽപ്പെടാതെയുള്ള വി.ഐ.വി വിസിറ്റുകളും റോഡ് മാർഗം വഴി കടന്നുപോകുന്നതോടെ പൊലീസിന് ഇരട്ടി തലവേദനയാണ്. വിഴിഞ്ഞം റോഡിൽ വഴിവാണിഭ കച്ചവടവും പൊടിപൊടിക്കുകയാണ്.