തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ചതിന് ശിക്ഷനടപടിയായി പുറത്താക്കിയ ആയമാരെ തിരിച്ചെടുക്കാൻ നീക്കം. സംഭവത്തിന് കൂട്ടുനിന്നതിന്റെ പേരിൽ പുറത്താക്കിയ മൂന്നുപേരെ തിരിച്ചെടുക്കാൻ സി.പി.എം ശിശുക്ഷേമ സമിതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതായി ആക്ഷേപമുണ്ട്.
ശിക്ഷാനടപടിയായി ആറ് ആയമാരെയാണ് പുറത്താക്കിയത്. കുട്ടികളെ ഉപദ്രവിച്ച മഹേശ്വരി,സിന്ധു,അജിത.എസ്.കെ എന്നിവരുടെ പേരിലാണ് പൊലീസ് കേസുള്ളത്. മറ്റ് മൂന്നുപേരെ പുറത്താക്കിയത് സംഭവത്തിന് കൂട്ടുനിന്നതിന്റെ പേരിലാണ്.
അനിതകുമാരി,ബേബി,പവിത്ര എന്നിവരാണ് കൂട്ടുനിന്നത്. ഇവരെ തിരിച്ചെടുക്കാനാണ് സി.പി.എം സമ്മർദ്ദം ചെലുത്തുന്നത്. സമിതി ഇതിന് വഴങ്ങിയിട്ടില്ലെന്നാണ് വിവരം.
പുറത്താക്കിയവരെ തിരിച്ചെടുക്കാൻ നീക്കമൊന്നുമില്ലെന്ന് ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു. പുറത്താക്കിയ അനിത എന്ന ആയ തന്നെയും ഒപ്പമുള്ളവരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ശിശുക്ഷേമ സമിതിയിലെത്തിയിരുന്നു. തങ്ങളുടെ പേരിൽ കേസില്ലാത്തതിനാൽ നടപടി നീതിയല്ലെന്നാണ് അവരുടെ വാദം.അതേസമയം അനിത,പവിത്ര എന്നിവരെ മുൻപ് കുട്ടികളെ ഉപദ്രവിച്ചതിന്റെ പേരിൽ മാസങ്ങളോളം പുറത്ത് നിറുത്തിയിരുന്നതാണ്. അന്നും സ്വാധീനത്തിന്റെ പേരിലാണ് ഇവർ തിരികെ ജോലിയിൽ പ്രവേശിച്ചത്.