d

തിരുവനന്തപുരം: നെൽ കർഷകർക്കുള്ള സംസ്ഥാന ഉത്പാദന ബോണസിന് 100 കോടി രൂപ മുൻകൂർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ വർഷം സംഭരിച്ച നെല്ലിന്റെ ഉത്പാദന ബോണസ് വിഹിതം പൂർണമായും അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 100 കോടികൂടി മുൻകൂർ അനുവദിച്ചത്.

മിനിമം താങ്ങുവില പദ്ധതിക്കുകീഴിൽ, സംസ്ഥാനം സംഭരിക്കുന്ന നെല്ലിന്റെ വില നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. നെല്ല് സംഭരണം നടത്തിയ വകയിൽ കേന്ദ്രത്തിൽ നിന്ന് 2601 കോടിയാണ് ലഭിക്കാനുള്ളത്. 2017-18 സാമ്പത്തിക വർഷംമുതൽ 2024വരെ നെല്ല് സംഭരിച്ചതിലെ കുടിശിക 1259 കോടിയും, 2024-25 വർഷത്തിൽ സംഭരിച്ച നെല്ലിന്റെ താങ്ങുവിലയായ 1342 കോടിയും ഉൾപ്പെടെയാണിത്.

കേന്ദ്രത്തിൽ നിന്ന് തുക ലഭിക്കാത്ത സാഹചര്യത്തിൽ, സംഭരിച്ച നെല്ലിന്റെ വിലയായ മുഴുവൻ തുകയും ഓണത്തിന് ലഭ്യമാകുന്നത് ഉറപ്പാക്കാനാണ് ഉത്പാദന ബോണസ് മുൻകൂർ ലഭ്യമാക്കിയത്. നെല്ല് സംഭരണം തുടങ്ങിയശേഷം ആദ്യമായാണ് സംസ്ഥാന വിഹിതം മുൻകൂർ നൽകുന്നത്.

ശേഖരിച്ചത് 1645

കോടിയുടെ നെല്ല്

2024- 25ലെ ഒന്നാം വിളയിൽ 57,529 കർഷകരിൽനിന്ന് 1.45 ലക്ഷം ടൺ നെല്ലും, രണ്ടാംവിളയിൽ 1,49,615 കർഷകരിൽനിന്ന് 4.35 ലക്ഷം ടൺ നെല്ലുമാണ് സംഭരിച്ചത്. ആകെ 1645 കോടി രൂപയുടെ നെല്ല് ശേഖരിച്ചു. ഇതിൽ 1413 കോടി കർഷകർക്ക് നൽകി.