ശംഖുംമുഖം : വിൽപ്പനക്കെത്തിച്ച നാല് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. തിരുവനന്തപുരം വലിയ വേളി സ്വദേശിനി ബിന്ദു (30) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കഞ്ചാവുമായി യുവതി എത്തുന്ന വിവരം കിട്ടിയ സംഘം രഹസ്യമായി ഇവരെ പിൻതുടർന്നിരുന്നു. വെട്ടുകാട് ബാലനഗറിൽ നിന്ന് വലിയ വേളിയിലേക്ക് പോകാനെന്ന് പറഞ്ഞ് ഇവർ ഓട്ടോയിൽ കയറിയപ്പോഴാണ് പിടിയിലായത്. ബിന്ദുവിന്റെ ഭർത്താവ് കാർലോസ് നേരത്തെ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. സിറ്റി ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്ത യുവതിയെ വലിയതുറ പൊലീസിന് കൈമാറി. ഇന്ന് കോടതിയിൽ ഹാജരാക്കും.