മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ മേലെ ചെറുകോട്-കിളക്കുംകര റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങളായി. പൈപ്പ്‌ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയിൽ ചെറിയൊരു മഴപെയ്താൽ പോലും വെള്ളക്കെട്ടാകും. പത്ത് വർഷം മുമ്പ് നാട്ടുകാർ തുക സ്വരൂപിച്ച് കോൺക്രീറ്റ് ചെയ്ത റോഡിനാണ് ഈ ഗതി. എന്നാൽ സഞ്ചാരയോഗ്യമല്ലാതായ റോഡ് നവീകരിക്കാൻ പഞ്ചായത്ത് ഇതുവരെ തയാറായിട്ടില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായിട്ടും ഇതുവഴിയുള്ള കാൽനടയാത്ര ദുരിതപൂർണമാണ്.
പരിസരവാസികളും വിവിധ സന്നദ്ധ സംഘടനകളും ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലവട്ടം അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. 300 മീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡിന് ഇരുവശങ്ങളിലുമായി നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്.
കാൽനടയാത്രയും ദുസഹം
വിളപ്പിൽ പഞ്ചായത്തിലെതന്നെ മിണ്ണംകോട് വാർഡിലുൾപ്പെട്ട ചെറുകോട്-കൊല്ലംവിളാകം റോഡും തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. അരകിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് 15 വർഷംമുമ്പ് ടാറ് ചെയ്തിരുന്നു. നിലവിൽ ടാറെല്ലാം ഇളകി വഴിനടക്കാനാകാതെ കുണ്ടും കുഴിയുമാണ്. റോഡിലെ മെറ്റലുകൾ ഇളകി റോഡ് കുഴിയായി മാറിയതിനാൽ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇളകിയ മെറ്റലുകൾക്ക് മുകളിലൂടെ സർക്കസ് കളിച്ചാണ് യാത്ര. ഇളകിക്കിടക്കുന്ന മെറ്റലിൽ ചവിട്ടി വീഴുന്ന കാൽനട യാത്രക്കാരും കുറവല്ല.
സഞ്ചാരയോഗ്യമല്ലാതെ റോഡ്
നിത്യവും നിരവധി പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. പേയാട്,തിരുവനന്തപുരം ഭാഗത്തേക്കും വിളപ്പിൽശാലയിലേക്കും പോകുന്നവരും സ്കൂൾ-കോളേജ് വിദ്യാർത്ഥികളും നന്നേ ബുദ്ധിമുട്ടുന്നുണ്ട്.
മലയിൻകീഴ് പഞ്ചായത്തിലെ മാവോട്ടുകോണം വാർഡിലുൾപ്പെട്ട കാപ്പിവിള, സി.എസ്.ഐ.ചർച്ച്-മേലന്തിയൂർക്കോണം പഞ്ചായത്ത് റോഡും സഞ്ചാരയോഗ്യമല്ലാതായിട്ടും വർഷങ്ങൾ കഴിഞ്ഞു.
വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനെടുത്ത കുഴിയും കൂടിയായപ്പോൾ റോഡിന്റെ തകർച്ച പൂർണമായി.
അപകടങ്ങളുടെ കേന്ദ്രം
റോഡിന് കുറുകെ പൈപ്പിടാനായി പല ഭാഗത്തും വെട്ടിപ്പൊളിച്ചിട്ടുണ്ട്. ഈ കുഴിയിൽ ഇരുചക്രവാഹനയാത്രക്കാർ വീഴുന്നതും പതിവാണ്. ഇവിടെ കുത്തിറക്കം കൂടിയായതിനാൽ അപകടങ്ങളുടെ കേന്ദ്രമായി ഇവിടം മാറി. റോഡ് നവീകരിക്കണമെന്നാവശ്യവുമായി വാർഡ് അംഗമുൾപ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഉടൻ ശരിയാക്കുമെന്ന പല്ലവിയാണ് ലഭിക്കുന്നത്. നിരവധി കുടുംബങ്ങൾ ഈ ഭാഗത്ത് തിങ്ങിപ്പാർക്കുന്നുണ്ട്.