
മുടപുരം: ഓണത്തെ വരവേൽക്കാൻ തോലുമാടനെത്തിയപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകം. ഓണാഘോഷത്തിന്റെ ഭാഗമായാണ് നാടൻകലാരൂപവുമായി കുട്ടികൾ മുടപുരത്ത് നാടുകാണാനിറങ്ങിയത്. മുൻകാലങ്ങളിലെ ഓണക്കാഴ്ചകളിൽ കുട്ടികൾക്ക് പ്രിയപ്പെട്ടതായിരുന്നു തോലുമാടൻകളി. വാഴക്കരിയിലകളാൽ ശരീരം മുഴുവനും കെട്ടിമറച്ച്,പാളകൊണ്ട് മുഖം വരച്ചുണ്ടാക്കി ചെണ്ടയും മറ്റ് നാടൻ വാദ്യോപകരണങ്ങളും കൊട്ടിയാണ് തോലുമാടനും സംഘവും നാട് ചുറ്റുന്നത്. വീട്ടുമുറ്റത്തെത്തി നാടൻപാട്ട് പാടി ചെണ്ട കൊട്ടി തോലുമാടൻ ചുവടുവയ്ക്കുന്നു. കുട്ടികൾ അതിനൊപ്പം ആടുന്നു. തോലുമാടനെ കരിയില കൊണ്ട് അണിയിച്ചൊരുക്കുന്നതിനായി കുട്ടികൾ വാഴത്തോട്ടങ്ങളിൽ നിന്നും ഉണങ്ങിയ വാഴയിലകൾ ശേഖരിക്കും. അവ പിന്നീട് അടുക്കും ചിട്ടയോടെയും കെട്ടിയെടുത്ത് പ്രത്യേക രൂപത്തിൽ തോലുമാടനെ അണിയിക്കും. യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികളാണ് തോലുമാടൻ സംഘത്തിലുള്ളത്.