തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം തുടരുന്ന ആശ വർക്കർമാർ ഉത്രാട ദിനമായ ഇന്ന് സമരപ്പന്തലിൽ ഓണസദ്യയുണ്ണും. ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറമാണ് ആശമാർക്കായി ഓണസദ്യയൊരുക്കുന്നത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല,എം.വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഉത്സവബത്തയും ആഗസ്റ്റ് മാസത്തെ വേതനവും ആശമാർക്ക് ലഭിച്ചിട്ടില്ല.

സർക്കാർ നിയോഗിച്ച പഠനസമിതി ഓണറേറിയം വർദ്ധിപ്പിക്കണം എന്ന നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. ആവശ്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.


ഓണക്കോടിയുമായി പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശമാർക്ക് ഓണക്കോടി വിതരണം ചെയ്തു. ഇന്നലെ രാവിലെ സമരപ്പന്തലിലെത്തിയ അദ്ദേഹം തൃക്കരിപ്പൂർ പി.എച്ച്.സിയിലെ ആശാവർക്കറായ തങ്കമണിക്ക് ഓണക്കോടി നൽകിയാണ് വിതരണോദ്ഘാടനം നിർവിഹിച്ചത്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി,സി.എം.പി നേതാവ് സി.പി. ജോൺ,കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാവ് മിനി തുടങ്ങിയവർ പങ്കെടുത്തു.