പാലോട്: ഗ്രാമീണ സാമ്പത്തിക മേഖലയുടെ നെടുംതൂണായ പശുവളർത്തലിൽ ഓണനാളുകളിൽ വിജയക്കൊടി പാറിക്കുകയാണ് നന്ദിയോട്ടെ ക്ഷീരകർഷകർ. വാമനപുരം നദിയെ പ്രയോജനപ്പെടുത്തി നിരവധി പേരാണ് കാലിവളർത്തലിൽ ഏർപ്പെട്ടിട്ടുള്ളത്. പാൽ ലഭ്യതയിൽ നന്ദിയോടാണ് മുന്നിൽ. സങ്കരയിനം പശുക്കളെയാണ് കർഷകർ വളർത്തുന്നത്.കൃത്യമായ പരിചരണം ലഭ്യമായതിനാൽ മികച്ച പാൽ ഉത്പാദനമാണ് നിലവിലുള്ളത്. രണ്ടോ മൂന്നോ പശുക്കളുള്ള കർഷകരാണ് ഗ്രാമപ്രദേശങ്ങളിൽ കൂടുതലും. ഇവരുടെ ഉപജീവനമാർഗ്ഗം കൂടിയാണ് കാലിവളർത്തൽ.
നന്ദിയോട് മേഖലയിൽത്തന്നെ മിൽമയുടെ ഏഴോളം പാൽ സംഭരണകേന്ദ്രങ്ങളുണ്ട്. വീടുകളിൽ നിന്ന് ലഭിക്കുന്ന പാൽ ചെറിയ സംഘങ്ങളിലെത്തിച്ച്, നന്ദിയോട് പ്രവർത്തിക്കുന്ന മിൽമയുടെ ഫില്ലിംഗ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് മിൽമയുടെ അമ്പലത്തറയിലെ പ്ലാന്റിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ 5000 ലിറ്ററോളം പാൽ ദിവസവും അമ്പലത്തറയിലെത്തുന്നുണ്ട്.
വിലയിലെ ഏറ്റക്കുറച്ചിൽ
കാലിത്തീറ്റയിലുണ്ടാകുന്ന വിലയിലെ ഏറ്റക്കുറച്ചിൽ കർഷകരെ വലയ്ക്കുന്നുണ്ട്. 1235 രൂപ മുതൽ 1450 വരെയാണ് നിലവിലെ തീറ്റ വില. 2019ൽ 34-39വരെ ആയിരുന്നു പാൽ വില. 2022 ആയപ്പോൾ 48 രൂപയായി. 2023ൽ 54. 2024ൽ 58, ഇതാണ് നിലവിലെ വില. മിൽമയിൽ നിന്നും കർഷകന് ഉത്പാദിപ്പിക്കുന്ന പാലിന് ഗുണനിലവാരത്തിന്റെയും ഫാറ്റിന്റെയും അടിസ്ഥാനത്തിലാണ് കർഷകർക്ക് വില ലഭിക്കുന്നത്. 40 മുതൽ 48 വരെ രൂപ വിലയായി കർഷകർക്ക് ലഭിക്കുന്നുമുണ്ട്. കൂടാതെ തീറ്റയ്ക്ക് 100 രൂപ വരെ സബ്സിഡിയും ലഭിക്കും.
കാലിത്തീറ്റ വില.........1235 രൂപ മുതൽ 1450 വരെ
പാൽ വില
വർദ്ധിപ്പിക്കണമെന്ന്
ഉത്പാദനചെലവ് വർദ്ധിച്ചതിനാൽ പാൽ വില അല്പം കൂടി വർദ്ധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ ജൂലായിൽ വില ഉയരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, വില കൂട്ടാതെ ഇതിനെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുകയാണ് മിൽമ ചെയ്തത്.
ധനസഹായവും
നന്ദിയോട് ക്ഷീരസംഘത്തിൽ നിന്ന് ആയിരത്തിലധികം ലിറ്റർ പാലാണ് ദിനംപ്രതി സംഭരിക്കുന്നത്. ത്രിതല പഞ്ചായത്തുകളും മിൽമയും ക്ഷീരകർഷകർക്കായി വിവിധ ക്ഷേമപദ്ധതികളും നൽകുന്നുണ്ട്. ക്ഷീരസംഘങ്ങൾ മുഖേന പാൽ ഉത്പാദന സബ്സിഡി, തൊഴുത്ത് നിർമ്മാണം, പശുവളർത്തൽ തുടങ്ങിയ പദ്ധതികൾക്ക് ധനസഹായവും ലഭ്യമാക്കുന്നുണ്ട്. വാമനപുരം ബ്ലോക്ക് സംഘടിപ്പിച്ച ക്ഷീര സംഗമത്തിൽ ഏറ്റവും കൂടുതൽ പാൽ ശേഖരിച്ച സംഘത്തിനുള്ള അവാർഡും നന്ദിയോട് ക്ഷീരസംഘം നേടി.