photo

നെടുമങ്ങാട്: തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നാടും നഗരവും ഓണ വൈബിൽ. പൂക്കളങ്ങൾ തീർത്തും വിനോദ മത്സരങ്ങളിൽ കണ്ണി ചേർന്നും മധുരം പങ്കിട്ടും സദ്യ കഴിച്ചും ആഘോഷം കൊഴുക്കുകയാണ്. പൈതൃക നഗരിയായ നെടുമങ്ങാട് കോയിക്കൽ കൊട്ടാരത്തിൽ ഫോട്ടോ ഷൂട്ടിംഗിനും തനതു കലാരൂപങ്ങളുടെ ആസ്വാദനത്തിനുമായി സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. തിരുവോണദിവസം കൊട്ടാരത്തിൽ പരമ്പരാഗത കലാരൂപങ്ങളുടെ അവതരണം നടക്കും.റസിഡന്റ്‌സ് അസോസിയേഷനുകളുടെയും രാഷ്ട്രീയ-സന്നദ്ധ-സാംസ്‌കാരിക സംഘടനകളുടെയും ഓണാഘോഷ വേദികൾ ഒരുമയുടെ കൂട്ടായ്മകൾക്കാണ് വേദിയൊരുക്കുന്നത്. രണ്ടു ദിവസമായി തുടരുന്ന ജനപ്രവാഹം ഉത്രാട ദിനമായ ഇന്ന് പാരമ്യത്തിലെത്തും. സത്രംമുക്ക് മുതൽ ചന്തമുക്ക് വരെ റോഡിന്റെ ഇരുവശവും തെരുവുകച്ചവടം നിരന്നുകഴിഞ്ഞു. കച്ചേരിനടയും സൂര്യറോഡും പൊന്നറ പാർക്കും ആശുപത്രി റോഡുമെല്ലാം കച്ചവടക്കാർ കൈയേറി. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരും വിമുക്തഭടന്മാരും രംഗത്തുണ്ട്.സുരക്ഷാ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നായി അമ്പതോളം അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.നഗരസഭ മുൻകൈയെടുത്ത് കച്ചേരിനടയിലെ ആൽമരവും പരിസരവും ദീപാലംകൃതമാക്കി.ഓണോത്സവത്തോടനുബന്ധിച്ച് കല്ലിംഗൽ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള കാർണിവെൽ, അമ്യൂസ്‌മെന്റ്, വ്യാപാര മേളകളിൽ സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലിയാണ് ഒഴുകിയെത്തുന്നത്.

ഓണോത്സവം ഇന്ന് തിരിതെളിയും

സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവം ഇന്ന് വൈകിട്ട് കല്ലിംഗൽ ജംഗ്ഷനിൽ തിരിതെളിയും. വ്യാപാരികളുടെയും ഓട്ടോ, ടാക്‌സി ജീവനക്കാരുടെയും സഹകരണത്തോടെ അണിയിച്ചൊരുക്കിയ വൈദ്യുത ദീപാലങ്കാരം മന്ത്രി ജി.ആർ.അനിൽ സ്വിച്ച് ഓൺ നിർവഹിച്ചു.ഇന്ന് വൈകിട്ട് കല്ലിംഗലിലെ പ്രധാനവേദിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണോത്സവം ഉദ്ഘാടനം ചെയ്യും.മന്ത്രിമാരായ ജി.ആർ.അനിൽ,വി.ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി എന്നിവർ മുഖ്യാതിഥികളാകും.നടനും സംവിധായകനുമായ ബേസിൽ ജോസഫ് പങ്കെടുക്കും.6.30 ന് പിന്നണി ഗായകൻ വിധു പ്രതാപിന്റെ മ്യൂസിക് ബാന്റ്. 5, 6, 7 തീയതികളിൽ വൈകിട്ട് 6 വരെ വിദ്യാർത്ഥികളും തദ്ദേശ കലാകാരന്മാരും അവതരിപ്പിക്കുന്ന കലാ പരിപാടികൾ.5ന് വൈകിട്ട് 6.30ന് കരിയില ഫോക്ക് ബാന്റ്, 6ന് വൈകിട്ട് 6.30ന് പിന്നണി ഗായിക അപർണ രാജീവിന്റെ മ്യൂസിക്കൽ നൈറ്റ്, 7ന് തെക്കേക്കര മ്യൂസിക്ക് ബാന്റ്.8ന് വൈകിട്ട് 4.30ന് ഓണോത്സവം സമാപന സമ്മേളനം.ചലചിത്ര താരം അർജുൻ അശോകൻ മുഖ്യതിഥിയാവും.6.30ന് പിന്നണി ഗായിക അഞ്ജു ജോസഫിന്റെ മ്യൂസിക് ബാന്റ്.