തിരുവനന്തപുരം: കഥകളിയും മോഹിനിയാട്ടവും അടക്കമുള്ള കലാരൂപങ്ങൾ അണിനിരന്ന് ഓണത്തിന്റെ മാഹാത്മ്യം വിളിച്ചോതിയ വേദിയിൽ സർക്കാരിന്റെ ഓണം വാരോഘോഷത്തിന് തിരിതെളിഞ്ഞു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, മ്യൂസിയം കോമ്പൗണ്ട്,വൈലോപ്പിള്ളി സംസ്കൃതി ഭവൻ തുടങ്ങി 33 വേദികളിലും വിവിധ കലാപരിപാടികൾക്കും തുടക്കമായി.തലസ്ഥാനത്തെത്തുന്ന ഓരോരുത്തരുടെയും മനംകവരുന്ന ദീപാലങ്കാരങ്ങളും വിസ്മയ കാഴ്ചകളുമാണ് ഒരുക്കിയിരിക്കുന്നത്.കനകക്കുന്ന്, മ്യൂസിയം,നിയമസഭ, സെക്രട്ടേറിയറ്റ് തുടങ്ങിയ സ്ഥലങ്ങളിലും റോഡുകളിലുമെല്ലാം ദീപാലങ്കാരം സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാർ സ്ഥാപനമായ ഏജീസ് ഓഫീസ്, കാനറ ബാങ്ക് എന്നിവിടങ്ങളിൽ ഇത്തവണ ദീപാലങ്കാരം സജ്ജമാക്കിയിട്ടില്ല.സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ 9 വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഡ്രോൺ ഷോയാണ് ഇത്തവണത്തെ പ്രധാന ആകർഷണം.പ്രധാന വേദിയായ നിശാഗന്ധിയിൽ ഇന്ന് വൈകിട്ട് 6ന് ഫ്യൂഷൻ മ്യൂസിക് പരിപാടി മെലോഡിയ. 7ന് മ്യൂസിക് ഡയറക്ടർ ശരത്,നിത്യ മാമൻ, രാജേഷ് ചേർത്തല എന്നിവർ അവതരിപ്പിക്കുന്ന പരിപാടി. തിരുവരങ്ങ് വേദിയിൽ വൈകിട്ട് 6ന് തോൽപ്പാവക്കൂത്ത്, ഏഴ് മണിക്ക് ദഫ്‌മുട്ട്,ഏഴരയ്ക്ക് ഓട്ടൻതുള്ളൽ. സോപാനം വേദിയിൽ 6ന് പാവ നാടകം,7.30ന് ശീതങ്കൻ തുള്ളൽ,8ന് വേലകളി. സൂര്യകാന്തിയിൽ വൈകിട്ട് 7ന് ലൗലി ജനാർദ്ദനന്റെ ഗാനമേള,കനകക്കുന്ന് ഗേ​റ്റിൽ 5ന് പഞ്ചാരി മേളം, പഞ്ചവാദ്യം. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7ന് നരേഷ് അയ്യരും ടീമും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്. പൂജപ്പുരയിൽ 7ന് മ്യൂസിക് ഷോ.ശംഖുമുഖത്ത് വൈകിട്ട് 4 മുതൽ ഒൻപത് വരെ ഭരതനാട്യം, കാവ്യാലാപനം തുടങ്ങിയ പരിപാടികൾ നടക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് ചിങ്ങനിലാവ് സംഗീത മെഗാഷോയും പഞ്ചവാദ്യവും ചെണ്ടമേളവും നിശാഗന്ധിയിലും കനകക്കുന്നിൽ തയ്യാറാക്കിയ തറവാട്ട് മുറ്റത്ത് വഞ്ചിപ്പാട്ടും അരങ്ങേറി