തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന സദസിന്റെ മനസ് കീഴടക്കി സംവിധായകനും നടനുമായ ബേസിൽ ജോസഫും തമിഴ് നടൻ രവി മോഹനും (ജയം രവി). സർക്കാരിന്റെ അതിഥികളായാണ് താരങ്ങളെത്തിയത്.
മലയാളിയല്ലെങ്കിലും ഓണക്കാലം നോക്കിയിരിക്കുന്ന സിനിമാക്കാരനാണ് താനെന്ന് രവി മോഹൻ പറഞ്ഞു. ഓണത്തിനിറങ്ങുന്ന എല്ലാ സിനിമകളും ഹിറ്റാകുന്നതാണ് കാരണം. കേരളം തന്റെ രണ്ടാമത്തെ വീടാണ്. പുതിയ രീതികൾ ആവിഷ്കരിക്കുന്ന മലയാള സിനിമയിയെ ലോകം ഉറ്റുനോക്കുന്ന കാലമുണ്ടാകും. പിണറായി വിജയൻ നല്ലൊരു മനുഷ്യനായതു കൊണ്ടുകൂടിയാണ് വീണ്ടും മുഖ്യമന്ത്റിയായതെന്നും അദ്ദേഹം പറഞ്ഞു.
പഠനകാലത്തെ തലസ്ഥാന ജീവിതം പറഞ്ഞാണ് നടൻ ബേസിൽ പ്രസംഗം തുടങ്ങിയത്. ആദ്യമായാണ് പൊതുവേദിയിൽ മുണ്ടുടുത്ത് എത്തുന്നത്. കേരളത്തിലെ വലിയ ആധുനിക കണ്ടുപിടിത്തം മുണ്ട് മുറുക്കാനുള്ള ബെൽക്രോ ബെൽറ്റും ഒട്ടിക്കുന്ന മുണ്ടുമാണെ്. താൻ ഏഴ് വർഷം തലസ്ഥാനത്ത് പഠിക്കുകയും ടെക്നോപാർക്കിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. അന്ന് ഫോട്ടോയെടുക്കാൻ കയറിയപ്പോൾ ഓടിച്ചുവിട്ട പൊലീസിന്റെ മുന്നിലൂടെ അവരുടെ അകമ്പടിയിലാണ് സ്റ്റേറ്റ് കാറിൽ പരിപാടിക്കെത്തിയതെന്ന ബേസിലിന്റെ പ്രസംഗം സദസിൽ കൂട്ടച്ചിരി പടർത്തി.