മലയിൻകീഴ്: തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമങ്ങൾ. വ്യാപാരസ്ഥാപനങ്ങളിലെല്ലാം രണ്ടാഴ്ച മുൻപേ തിരക്ക് തുടങ്ങിയിരുന്നു. തിരക്കിൽ പേയാട്,മലയിൻകീഴ്, തച്ചോട്ടുകാവ് എന്നീ ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് പലവട്ടമുണ്ടായി. പൊലീസ് പട്രോളിംഗ് നടത്തി അലക്ഷ്യമായി പാർക്ക് ചെയ്തിരിക്കുന്ന വാഹന ഉടമകൾക്കെതിരെ പിഴ ചുമത്തിയത് വിവാദങ്ങൾക്കിടയായി. ഹെൽമെറ്റ് പരിശോധനയുമുണ്ടായി.

മലയിൻകീഴ് സപ്ലൈകോ ഔട്ട്ലെറ്റിൽ കഴിഞ്ഞ ഒരാഴ്ചയായി വൻതിരക്കാണ്. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയിലേറെ വില്പന നടന്നതായി മാനേജർ നിധിൻരാജ് പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി പല ഇടങ്ങളിലും പൂക്കളങ്ങൾ ഇട്ടിട്ടുണ്ട്. ജമന്തി,വാടാമുല്ല എന്നീ പൂക്കൾ സുലഭമായി പ്രദേശത്ത് ലഭിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളിൽ പൂക്കൾ കൃഷി ചെയ്തത് പ്രദേശത്ത് പൂക്കൾ സുലഭമാകാൻ കാരണമായി. ജില്ലയിൽ നേമംബ്ലോക്ക് പഞ്ചായത്തിന് പൂക്കൃഷിയിൽ ഒന്നാം സ്ഥനവും ലഭിച്ചിട്ടുണ്ട്.

വിവിധ സാമൂഹ്യക്ഷേമ പെൻഷനുകൾ കുടിശിക തീർത്ത് ലഭിച്ചതും, റേഷൻ കടകളിലൂടെ സ്പെഷ്യൽ ഓണക്കിറ്റ് നൽകിയതും ഓണത്തിന് മാറ്റുകൂട്ടി.

വിഷരഹിത പച്ചക്കറിയും

പച്ചക്കറി കടയ്ക്ക് മുന്നിലാണ് ഇക്കുറി ഗ്രാമങ്ങളിൽ തിരക്ക്. വിഷരഹിത ജൈവ പച്ചക്കറി ചില സഹകരണ സംഘങ്ങൾവഴി വില്പന ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ചിങ്ങം ഒന്നുമുതൽ പച്ചക്കറി സ്റ്റാളുകൾ തുറന്നു. സ്വർണ്ണം, തുണിക്കട, ഫാൻസി, ബ്രാൻഡഡ് ചെരുപ്പ്, വാച്ച്, മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിലും ഓണക്കച്ചവടം തകൃതിയായി.