d

വക്കം: ചിറയിൻകീഴ് താലൂക്കിൽ പ്രവർത്തിച്ചിരുന്ന കൈത്തറി സഹകരണ സംഘങ്ങളിൽ ഭൂരിഭാഗവുമിന്ന് ഊടും പാവും നെയ്യാനാവാതെ വീർപ്പുമുട്ടുകയാണ്. കൈനൂലിന്റെ വിലവർദ്ധനവ് കാരണം ഡബിൾമുണ്ടിന് ആയിരം രൂപയോളമെത്തി. കൈനൂലിന്റെ ഉത്പാദനം കേന്ദ്ര ഗവൺമെന്റ് കുറച്ചതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രവർത്തനമൂലധനത്തിന്റെ അഭാവവും കടഭാരവുമാണ് സംഘങ്ങൾ പൂട്ടാൻ കാരണം. സംഘങ്ങലുടെ കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ ചില പാക്കേജുകൾ കൊണ്ടുവന്നെങ്കിലും അവയിൽ ഉൾപ്പെടുത്തിയ നിബന്ധനകൾ പ്രാഥമിക കൈത്തറി സംഘങ്ങൾക്ക് നടപ്പാക്കാൻ കഴിയുന്ന തരത്തിലല്ലെന്നും അനുവദിക്കപ്പെട്ട പാക്കേജിന്റെ ഗുണം മിക്ക സംഘങ്ങൾക്കും കിട്ടിയിട്ടില്ലെന്നും പരാതിയുണ്ട്.

കുറഞ്ഞ കൂലിനിരക്ക് കാരണം തൊഴിലാളികൾ ഈ മേഖലയിലേക്കെത്തുന്നില്ല

മിനിമം കൂലിനിരക്ക് പുതുക്കി നിശ്ചയിക്കണം

കൈത്തറി തുണിത്തരങ്ങളുടെ വില്പന കുറഞ്ഞു

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിബേറ്റ് കുടിശികയില്ലാതെ നൽകിയത് സഹകരണസംഘങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.യു.ഡി.എഫ് ഭരണകാലത്ത് കൈത്തറി ഉത്പാദനം കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള മിൽത്തുണികൾ കൈത്തറി മുദ്ര വച്ച് വില്പന നടത്തുന്നത് വ്യാപിച്ചു. ഇതിന് കൈത്തറി ഉത്പന്നങ്ങളേക്കാൾ വില കുറവായതിനാൽ കൈത്തൊഴിൽ സംരംഭമായിരുന്ന കൈത്തറി തുണിത്തരങ്ങളുടെ വില്പന കുറഞ്ഞു. ഇത് സംഘങ്ങളെ നഷ്ടത്തിലെത്തിച്ചു.ചിറയിൻകീഴ് താലൂക്കിൽ നഗരൂർ,​ഒറ്റൂർ,കീഴാറ്റിങ്ങൽ,​ചിറയിൻകീഴ്,​കിഴുവിലം,​കൈലാത്തുകോണം,​വേങ്ങോട്,​ആറ്റിങ്ങലിൽ അവനവഞ്ചേരി എന്നിവിടങ്ങളിലായി 9 സംഘങ്ങൾ പ്രവർത്തിച്ചിരുന്നു.

അവനവഞ്ചേരി,​ കൈലാത്തുകോണം,​ കിഴുവിലം എന്നിവിടങ്ങളിലെ സംഘങ്ങൾ മാത്രമാണിപ്പോൾ ഭാഗികമായി പ്രവർത്തിക്കുന്നത്. സ്കൂൾ യൂണിഫോം നിർമ്മാണം കൈത്തറി സംഘങ്ങളെ ഏല്പിച്ചത് കൊണ്ടുമാത്രമാണ് ഈ 3 സംഘങ്ങളുമിന്ന് നിലനിൽക്കുന്നത്. 21 ഇനം കൈത്തറി ഉത്പന്നങ്ങൾ മാത്രമേ നിർമ്മിക്കാവൂ എന്ന റിസർവേഷൻ എടുത്തുകളഞ്ഞത് സംഘങ്ങളെ തളർത്തി

പവർലൂം വഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വന്നതോടെ ഗുണമേന്മ നോക്കാതെ ഉപഭോക്താക്കൾ വാങ്ങാൻ തുടങ്ങി

ഗുണമേന്മയുള്ള കൈത്തറി ഡബിൾ മുണ്ടിന് ഇന്ന് 700 രൂപ കൊടുക്കണം. എന്നാൽ പവർലൂമിലെ മുണ്ടിന് 250 രൂപയേയുള്ളൂ. യൂസ് ആൻഡ് ത്രോ സംസ്കാരം വന്നതോടെ ഗുണമേന്മ നോക്കാതെയായി. പൂട്ടിക്കിടക്കുന്ന കൈത്തറി സംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ ചിതലരിക്കുകയാണ്