ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനു കീഴിൽ,ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങൾ വർണാഭമായ പരിപാടികളോടെ 7ന് നടക്കും. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ താലൂക്കുതല ജയന്തിയാഘോഷങ്ങളുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിക്കും.രാവിലെ 8.30ന് ഗുരുക്ഷേത്ര മണ്ഡപത്തിൽ നടക്കുന്ന മാനവ സൗഹാർദ്ദ സംഗമത്തിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിക്കും. ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി ഗുരുസന്ദേശ പ്രഭാഷണം നടത്തും. രാവിലെ 7.30ന് അറിവാണ് ഈശ്വരൻ ഗുരുപഠന കേന്ദ്രം ചെയർപേഴ്സൺ രാജലക്ഷ്മി അജയന്റെ ഗുരുകൃതികളുടെ പാരായണവും കൂന്തള്ളൂർ ശിവ മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ സഹസ്രനാമാർച്ചനയും നടക്കും. 8ന് മഹാഗുരുപൂജ,ദൈവദശക കീർത്തനാലാപനം,9.30ന് പായസസദ്യ,വൈകിട്ട് 5ന് സമൂഹപ്രാർത്ഥന,നൈവേദ്യ സമർപ്പണം,പുഷ്പാഭിഷേകം,ഗുരുപൂജ, പായസ വിതരണം എന്നിവ നടക്കും.ജയന്തിയാഘോഷങ്ങളുടെ ഭാഗമായി മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിലേക്ക് കൊണ്ടുപോകുന്ന ധർമ്മ പതാക - കൊടിക്കയർ ഘോഷയാത്രയ്ക്ക് ശനിയാഴ്ച രാവിലെ 9ന് ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ വൻ വരവേൽപ്പ് നൽകും.ക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി ഹാരാർപ്പണം നടത്തി സ്വീകരിക്കും.തുടർന്ന് ഘോഷയാത്രയെ അനുഗമിക്കുന്നവർക്ക് പ്രഭാത ഭക്ഷണം നൽകും.
ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിലും ജയന്തിയാഘോഷങ്ങളുടെ ഭാഗമായി ദീപപ്രതിഷ്ഠ - ഗുരുക്ഷേത്ര - ശ്രീസരസ്വതി മണ്ഡപങ്ങളിൽ സ്പെഷ്യൽ പൂജകളുമുണ്ടാവും. രാവിലെ 6ന് കുങ്കുമാഭിഷേകം,ആശ്രമാങ്കണത്തിലെ ഗുരുദേവൻ വിശ്രമിച്ചിരുന്ന പവിത്ര മുറിയിൽ ഗുരുപാദപൂജ,ഗുരു പുഷ്പാർച്ചന,നൈവേദ്യ സമർപ്പണപൂജ,സമൂഹപ്രാർത്ഥന എന്നിവ നടക്കും. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനു കീഴിലെ പെരുങ്ങുഴി നാലുമുക്ക് ഗുരു മണ്ഡപം,അഴൂർ ഗുരുമന്ദിരം,പെരുങ്ങുഴി മേടയിൽ ഗുരുമന്ദിരം,ഇടഞ്ഞുംമൂല ഗുരു മണ്ഡപം,മുട്ടപ്പലം ഗുരുമന്ദിരം,മഞ്ചാടിമൂട് ഗുരുമണ്ഡപം,ദൈവദശകം ഗുരുമന്ദിരം എന്നിവിടങ്ങളിൽ വിപുലമായ ചതയദിനാഘോഷം നടക്കും.
കോളിച്ചിറ,കോട്ടപ്പുറം,കടകം,ഗുരുസാഗരം,ആനത്തലവട്ടം,പുതുക്കരി,മാമംനട,എസ്.എൻ ജംഗ്ഷൻ,ശിവകൃഷ്ണപുരം,കിഴുവിലം പൊയ്കവിള,കൊച്ചാലുംമൂട് ശാഖാ യോഗങ്ങൾ കേന്ദ്രീകരിച്ച് അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയാണ്.
യൂണിയനിലെ കടയ്ക്കാവൂർ,നിലയ്ക്കാമുക്ക്,അഞ്ചുതെങ്ങ്,വക്കം,കായിക്കര,നെടുങ്ങണ്ട ഒന്നാം പാലം,കീഴാറ്റിങ്ങൽ,തിനവിള,ചിറമൂല,ഗുരുമഠം,ഗുരുവിഹാർ ശാഖാ യോഗങ്ങളിൽ വനിതാസംഘം - മൈക്രോ ഫിനാൻസ് - യൂത്ത്മൂവ്മെന്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ജയന്തിയാഘോഷം വർണാഭമായി നടത്തുന്നതിന് ഒരുക്കങ്ങളായി. താലൂക്കുതല ജയന്തിയാഘോഷങ്ങളിൽ പങ്കെടുക്കേണ്ട ശാഖാ ഭാരവാഹികളും ഗുരു വിശ്വാസികളും ഞായറാഴ്ച രാവിലെ 8ന് ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ എത്തണമെന്ന് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു.ഫോൺ: 9447044220.