
ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്ത് ഓണം വാരാഘോഷത്തിന്റെ ഭാഗമായി മുടവൂർപ്പാറ ഉത്സവലഹരിയിൽ. ദേശീയപാതയിൽ ബാലരാമപുരവും, മുടവൂർപ്പാറയും ഇക്കുറി ഓണാഘോഷത്തെ ഗംഭീര വരവേൽപ്പ് നൽകുകയാണ്.
ബാലരാമപുരത്തെ കൈത്തറി നഗരിയിൽ പുതുവസ്ത്രം വാങ്ങി മടങ്ങുന്നവർക്കായി മുടവൂർപ്പാറയിൽ ബോട്ട് സവാരിയാണ് ടൂറിസം വകുപ്പും പള്ളിച്ചൽ പഞ്ചായത്തും ഒരുക്കിയിരിക്കുന്നത്. ഓണം സാംസ്കാരിക ഘോഷയാത്രയിൽ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000,10000, 15000 രൂപ സമ്മാനത്തുകയും പ്രഖ്യാപിച്ചു. ബാലരാമപുരം കൈത്തറി നഗരിയിലും ഓണാഘോഷം ആരംഭിച്ചു. കച്ചവടം വർദ്ധിച്ചതോടെ ബാലരാമപുരം തിരക്കിന്റെ പറുദീസയായിമാറുകയാണ്.
പള്ളിച്ചൽ മുടവൂർപ്പാറ വെട്ടുബലിക്കുളത്തിലെ ഓണാഘോഷം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് ഉദ്ഘാടനം ചെയ്തു. ബോട്ട് ക്ലബ്ബ് ചെയർമാൻ സി.ആർ.സുനു, സ്റ്റാൻഡിംഗ് കമ്മിറ്റി വിശ്വമിത്ര വിജയൻ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, മെമ്പർമാരായ പ്രീത,ശാരിക, അനുശ്രീ തുടങ്ങിയവർ ബോട്ട് സർവീസ് നടത്തി സർവീസിന് തുടക്കം കുറിച്ചു.
ദീപാലങ്കാരങ്ങൾ ശ്രദ്ധേയമാകുന്നു
വരും ദിവസങ്ങളിൽ സ്പെഷ്യൽ ഡ്യൂട്ടിക്ക് പൊലീസ് ഹോംഗാർഡുകൾക്ക് ചുമതല കൈമാറിയതായി സി.ഐ പറഞ്ഞു. താന്നിവിള,നരുവാമൂട് രണ്ട് പുതിയ പ്രാദേശിക വേദികളും ഇക്കുറി പഞ്ചായത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മണിയോടെ ആരംഭിക്കുന്ന മുടവൂർപ്പാറ നഗരിയിലെ വൈദ്യുത ദീപാലങ്കാരങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ബോട്ട് സർവീസ്
പള്ളിച്ചലിൽ ഏഴ് ദിവസം നീളുന്ന വാരാഘോഷത്തിൽ മുടവൂർപ്പാറ വെട്ടുബലിക്കുളത്തിലെ ബോട്ട് സർവീസാണ് സന്ദർശകരെ കൂടുതൽ ആകർഷിപ്പിക്കുന്നത്. തുച്ഛമായ നിരക്കിൽ ബോട്ടിൽ ചുറ്റിക്കറങ്ങാൻ വേണ്ടി ജില്ലയിൽ നിന്നും നിരവധി ആളുകളാണ് ദിവസേന ഇവിടെയെത്തുന്നത്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ബോട്ട് സർവീസിന് നൽകേണ്ടത്. 8വരെ വെട്ടുബലിക്കുളത്തിൽ ടൂറിസം വകുപ്പിന്റെ ഓണാഘോഷ വേദിയിൽ വൈവിദ്ധ്യമാർന്ന കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക സദസും ഒപ്പം ചേരുന്നതോടെ മുടവൂർപ്പാറ ആഘോഷത്തിമിർപ്പിലേക്ക് മാറും. സ്പെഷ്യൽ ഗാർഡുകളും ബോട്ട് സർവീസിന് സുരക്ഷയൊരുക്കും.