തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഓണവില്ല് കാണാനും കുലാചാരപ്രകാരമുള്ള ഉത്രാടപൂജയിൽ പങ്കെടുക്കാനും മന്ത്രി വി.ശിവൻകുട്ടി ഓണവില്ല് കുടുംബത്തിലെത്തി.ഇന്നലെ വൈകിട്ട് 5ഓടെയാണ് മേലാറന്നൂർ വിളയിൽ വീട് ഓണവില്ല് കുടുംബത്തിൽ മന്ത്രിയെത്തിയത്.
ഓണവില്ല് പാരമ്പര്യ കുടുംബത്തിലെ കാരണവരായ ആർ.ബി.കെ.ആചാരി മന്ത്രിയെ സ്വീകരിച്ചു. മന്ത്രിക്ക് ഓണവില്ല് കുടുംബത്തിന്റെ ഉപഹാരമായി കോടി പുടവ സമ്മാനിച്ചു.ഇന്ന് പുലർച്ചെ 5നും 6നും ഇടയുള്ള മുഹൂർത്തത്തിലാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഓണവില്ല് സമർപ്പിക്കുന്നത്.അനന്തശയനം,ദശാവതാരം,ശ്രീരാമ പട്ടാഭിഷേകം,ശാസ്താവ്,ശ്രീകൃഷ്ണ ലീല,വിനായകൻ എന്നിങ്ങനെ ആറ് ജോഡി വില്ലുകളാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്.