custody

പിരിച്ചുവിടൽ വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷൻ കസ്റ്റഡി പീഡനക്കേസിൽ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിന് നേരിടേണ്ടിവന്ന പൈശാചിക മർദ്ദനം ജനവികാരത്തെ മാറ്റി മറിക്കുന്ന നിലയാലായപ്പോഴാണ് സർക്കാരും പൊലീസ് നേതൃത്വവും ഉണർന്ന് പ്രവർത്തിച്ചത്. എല്ലാ പ്രതികളെയും സർവ്വീസിൽ നിന്ന് പിച്ചുവിടുംവരെ സമരം തുടരുമെന്നാണ് കോൺഗ്രസിന്റെയുടം ഇരയുടെയും നിലപാട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ വ്ക്തമാക്കിയിരുന്നു.

രണ്ടര വർഷം മുമ്പ് കുന്നംകുളം പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. എസ്.ഐ നുഹ് മാൻ(നിലവിൽ വിയ്യൂർ സ്റ്റേഷൻ), സീനിയർ സി.പി.ഒ ശശിധരൻ(തൃശൂർ ടൗൺ ഈസ്റ്റ് സ്റ്റേഷൻ), സി.പി.ഒമാരായ സന്ദീപ്(മണ്ണുത്തി സ്റ്റേഷൻ), സജീവൻ(തൃശൂ‌ർ ടൗൺ ഈസ്റ്റ് സ്റ്റേഷൻ) എന്നിവർക്കെതിരെയാണ് നടപടി. പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെതിരെ നടപടിയില്ല. സുഹൈർ കുറ്റാരോപിതനാണെങ്കിലും പൊലീസിൽ നിന്ന് മാറി വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറായി പഴയന്നൂരിൽ ജോലി നോക്കുകയാണ്.

അതിക്രൂരമായ മർദ്ദനത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഇര നടത്തിയ നിയമപോരാട്ടംവഴി പുറത്തുവന്നതോടെ നിൽക്കക്കള്ളിയില്ലാതായ പൊലീസും സർക്കാരും ശിക്ഷാനടപടി സ്വീകരിക്കുകയായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ഡി.ജി.പിക്ക് ആഭ്യന്തരവകുപ്പിൽ നിന്ന് നിർദ്ദേശം ലഭിച്ചു. ഡി.ഐ.ജി ഹരിശങ്കർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐ.ജി രാജ്പാൽ മീണയാണ് സസ്പെൻഡ് ചെയ്തത്. ഐ.ജി വകുപ്പുതല പുനരന്വേഷണവും നടത്തും. ഇതിന്റെ ഭാഗമായി പ്രതികളുടെ ഭാഗവും കേൾക്കും. പിരിച്ചുവിടൽ നടപടി സ്വീകരിക്കണമെന്ന വാദം പൊലീസ് ഉന്നതരും പ്രകടിപ്പിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് പ്രതികരിച്ചിട്ടില്ല. സുജിത്ത് കൊടുത്ത സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കേസ് നിലനിൽക്കേ, പിരിച്ചുവിടൽ സാദ്ധ്യമാണെന്നും അല്ലെന്നും വാദമുണ്ട്. തിരുവോണനാളിൽ തൃശൂർ ഡി.ഐ.ജി ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ പൊലീസുകാരുടെ മുഖാവരണം അണിഞ്ഞ് കൊലച്ചോർ പ്രതിഷേധം നടത്തിയിരുന്നു.

സുജിത്തിന്റെ പോരാട്ടവീര്യം

1. 2023 ഏപ്രിൽ അഞ്ചിനായിരുന്നു കൊടിയ മർദ്ദനം. വഴിരികിൽ നിന്ന യുവാക്കളെ പൊലീസ് ഭീഷണപ്പെടുത്തുന്നതു കണ്ട സുജിത് അത് ചോദ്യം ചെയ്തതാണ് കാരണം. കുറ്റക്കാരായ പൊലീസുകാരുടെ രണ്ട് ഇൻക്രിമെന്റ് തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി വിഷയം ലഘൂകരിക്കാനാണ് അന്നുമുതൽ പൊലീസ് ശ്രമിച്ചത്. കുറ്റാരോപിതരിൽ ഒരാളായ സി.പി.ഒ ശശിധരനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.

2. സുജിത്ത് സ്വകാര്യഅന്യായം ഫയൽ ചെയ്തതോടെ, പൊലീസുകാർക്കെതിരെ കേസെടുക്കാൻ കുന്നംകുളം മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. മർദ്ദനത്തിൽ ചെവിക്ക് കാര്യമായ തകരാർ സംഭവിച്ചെങ്കിലും പൊലീസുകാർ കൈകൊണ്ട് അടിച്ചു എന്ന വളരെ ദുർബലമായ പരാമർശം മാത്രമാണ് എഫ്.ഐ.ആറിൽ ചുമത്തിയത്.

3. ഇതോടെ, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് വിവരാവകാശ കമ്മിഷനെ സമീപിച്ചതാണ് വഴിത്തിരിവായത്. കൊടുക്കാതിരിക്കാൻ ഇത്രയുംനാൾ ശ്രമിച്ചെങ്കിലും കമ്മിഷൻ കർശന നിലപാട് എടുത്തതോടെ അതു കൈമാറേണ്ടിവന്നു. അത് മാദ്ധ്യമങ്ങളിൽ വന്നതോടെ പൊലീസിനും സർക്കാരിനും പ്രതിരോധിക്കാൻ കഴിയാതായി.

 സസ്പെൻഷൻ മതിയായ ശിക്ഷയില്ല. എല്ലാ പ്രതികളെയും പിരിച്ചുവിടണം. പഴയന്നൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി മാറിപ്പോയ സുഹൈറിനെതിരെയും നടപടി വേണം.

- വി.എസ്.സുജിത്ത്