1

പൂവാർ: മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിർമ്മിച്ച പൂവാർ മത്സ്യഭവൻ പരിമിതികളാൽ വീർപ്പുമുട്ടുന്നു.1986ൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നിലവിൽ വന്നതോടുകൂടി പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യത്തെ മത്സ്യഭവനാണ് പൂവാറിലേത്. തുടക്കം വാടകക്കെട്ടിടത്തിലായിരുന്നു. 2005ലാണ് ഇന്നു കാണുന്ന കെട്ടിടം പ്രവർത്തനം ആരംഭിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രശ്നങ്ങൾ ലഘൂകരിക്കാനായി രൂപീകരിച്ചതാണ് മത്സ്യഗ്രാമം. മത്സ്യഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡ്, ക്ഷേമനിധി ബോർഡ്, ഫിഷറീസ് ഓഫീസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ മത്സ്യഭവനു കീഴിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് ഓഫീസുകളുടെ പ്രവർത്തനങ്ങളും ഒരു കെട്ടിടത്തിലായതിനാൽ ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെ വന്നുപോകുന്നത്.

ജീവനക്കാർക്കും ആവശ്യങ്ങൾക്കായി വന്നുപോകുന്നവർക്കും പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയാണിവിടെ. മത്സ്യഭവനിൽ മഴക്കാലത്ത് ചോർച്ചയുണ്ട്. പലപ്പോഴും ഫയലുകൾ മഴവെള്ളത്തിൽ നനഞ്ഞ് കുതിർന്നിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞിരുന്നു.ഇതിനെ തുടർന്ന് അടുത്തകാലത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ കൂടുതലും വനിതകളാണ്. സ്ഥലപരിമിതി ഓരോ ഓഫീസിന്റെ പ്രവർത്തനങ്ങളെയും വീർപ്പുമുട്ടിക്കുന്ന അവസ്ഥയിലാണ്.

പ്രവർത്തനങ്ങൾ അവതാളത്തിൽ

ക്ഷേമനിധി ഓഫീസിന്റ പ്രവർത്തനമേഖല കൊല്ലംകോട് മുതൽ കൊച്ചുതുറ വരെയാണ്‌. പൊഴിയൂർ, പൂവാർ മത്സ്യഗ്രാമങ്ങൾ ചേർന്ന ഫിഷറീസ് വില്ലേജ്. ദിവസവും നിരവധി മത്സ്യത്തൊഴിലാളികളാണ് ഇവിടേക്കെത്തുന്നത്. രാവിലെയെത്തുന്നവർ വൈകുന്നേരമാകും മടങ്ങിപ്പോകാൻ.

മത്സ്യഫെഡ്ഡിന്റെ പ്രവർത്തനം പലപ്പോഴും തിരക്കുകാരണം അവതാളത്തിലാകാറുണ്ട്.

മണ്ണെണ്ണയുടെ പെർമിറ്റ്, മത്സ്യത്തൊഴിലാളി ഇൻഷ്വറൻസ്, വെക്തിഗത ലോൺ, ഗ്രൂപ്പ് ലോൺ,വ്യാപാര ലോൺ തുടങ്ങിയവ മത്സ്യഫെഡ് വഴിയാണ് നൽകുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൂവാർ മത്സ്യഗ്രാമത്തിൽ രണ്ട് മോട്ടിവേറ്റർമാർ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ ആകെ 7 ക്ലസ്റ്ററുകളാണുള്ളത്. പൊഴിയൂർ മുതൽ കരുംകുളം വരെയാണ് പൂവാറിലെ മോട്ടിവേറ്ററുടെ പ്രവർത്തനമണ്ഡലം. ഇവരുടെ ഓഫീസ് പ്രവൃത്തിദിവസങ്ങളിലും ദിനംപ്രതി നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും എത്താറുണ്ട്. പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുമ്പോഴാണ് ഉൾനാടൻ മത്സ്യകൃഷിയുടെ നെയ്യാറ്റിൻകര താലൂക്ക്തല ഓഫീസ് ഇവിടേക്ക് കൊണ്ടുവന്നത്.

പുതിയ കെട്ടിടം അനിവാര്യം

താലൂക്കിലെ മുഴുവൻ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന പ്രൊമോട്ടർമാരും ഫിഷറീസ് കോ-ഓർഡിനേറ്റർമാരും മത്സ്യഭവൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മൂന്ന് ഓഫീസുകളുടെയും പ്രവർത്തനം പ്രസ്തുത കെട്ടിടത്തിൽ നടത്തുക ബുദ്ധിമുട്ടേറിയതാണ്. പക്ഷെ പുതിയ കെട്ടിടം നിർമ്മിക്കാനോ, നിലവിലെ കെട്ടിടത്തിന്റെ മുകൾ നില പണിയാനോ പഞ്ചായത്തിന് ഫണ്ടില്ല.ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ആവശ്യമായ ഫണ്ട് അനുവദിച്ചാൽ ഉചിതമായ സൗകര്യം ചെയ്തുകൊടുക്കാൻ പഞ്ചായത്ത് തയ്യാറാണെന്നാണ് അധികൃതർ പറയുന്നത്.