
നെയ്യാറ്റിൻകര: വടകോട് ശ്രീനാരായണഗുരു മന്ദിരത്തിൽ ചതയ ദിനാഘോഷത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടിതോരണങ്ങളും ഗുരുമന്ദിരവും ഗുരുദേവന്റെ ചിത്രവും തല്ലിത്തകർത്തതായി പരാതി. ഇന്നലെ വൈകിട്ട് ഗുരുമന്ദിരത്തിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനിടെയാണ് സംഭവം. സമീപത്തെ 15 ഓളംവരുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഘം ശാഖ സെക്രട്ടറി പ്രദീപിനെ അസഭ്യം പറയുകയും പൈപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തെന്നും പരാതിയുണ്ട്. ആക്രമണത്തിൽ പ്രദീപിന്റെ തലയ്ക്ക് പരിക്കേറ്റു.
നാലുമാസം മുമ്പും സമാനമായ ആക്രമണം നടന്നിരുന്നു. ഗുരുമന്ദിരത്തിന്റെ പൂട്ട് തകർക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തെന്ന് കാണിച്ച് സിസി.ടിവി ദൃശ്യങ്ങൾ അടക്കം മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്ന് വരികയാണന്ന് മാറനെല്ലൂർ പൊലീസ് പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ശാഖ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.