തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി ഡ്രോൺ ലൈറ്റ് ഷോ. ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഡ്രോൺ ഷോയാണ് ദൃശ്യങ്ങളുടെ മനോഹാരിതകൊണ്ട് അത്ഭുതമായത്. മാവേലിയും സദ്യയും കളരിപ്പയറ്റും കഥകളിയും മാത്രമല്ല, നവകേരളത്തിന്റെ വികസന സ്വപ്നങ്ങളും ആകാശദൃശ്യങ്ങളായി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നാണ് 250അടി ഉയരത്തിൽ ഡ്രോണുകൾ ഉയർന്നുപൊങ്ങിയത്. 700 ഡ്രോണുകൾ പങ്കെടുത്തു.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലുമായി രാത്രി 8.45 മുതൽ 9.15 വരെ ആകാശക്കാഴ്ച വ്യക്തമായി ആസ്വദിക്കാനായി. 'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഷോ ആരംഭിച്ചത്. പ്രദർശനത്തിൽ ഓണാശംസയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം പ്രത്യക്ഷപ്പെട്ടത് കാണികൾക്കിടയിൽ കൗതുകമുണർത്തി. 2ഡി, 3ഡി രൂപങ്ങളിലായിരുന്നു ദൃശ്യങ്ങൾ. എൽ.ഇ.ഡി ലൈറ്റുകളാൽ പ്രത്യേകം രൂപകല്പന ചെയ്ത ഡ്രോണുകളാണ് ഷോയുടെ ഭാഗമാകുന്നത്. പ്രദർശനം ഇന്നും കൂടിയുണ്ടാകും. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ പരിസരത്തെത്താൻ സാധിക്കാത്തവർക്ക് നാല് കിലോമീറ്റർ ചുറ്റളവിൽ നിന്നും ഡ്രോൺ ഷോ വീക്ഷിക്കാം.ആഗോള മുൻനിര ഡ്രോൺ ടെക്നോളജി കമ്പനിയായ ബോട്ട് ലാബ് ഡൈനാമിക്സാണ് ഷോയൊരുക്കുന്നത്.