k

 അമിതവേഗതയിലെത്തിയ വാഹനമിടിച്ച് രണ്ടാംവട്ടവും വീടിന്റെ മതിൽ തകർന്നു

തിരുവനന്തപുരം: പരിസരവാസികൾക്കും കാൽനട യാത്രക്കാർക്കും അപകടക്കെണിയൊരുക്കി മുട്ടടയിലെ കൊടുംവളവ്. അപായസൂചനാ ബോർഡുകളില്ലാത്ത വളവിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവമായി.

തിരുവോണദിനത്തിൽ ഉച്ചയ്ക്കാണ് ഏറ്രവുമൊടുവിൽ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് മുട്ടട സ്വദേശി രാജേഷ്‌കുമാറിന്റെ വീടിന്റെ മതിലും ഗേറ്റും തകർന്നു. മുട്ടടയിൽ നിന്ന് വയലിക്കട ഭാഗത്തേയ്ക്ക് പോകുന്ന റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അമിതവേഗതയിലെത്തിയ മറ്റൊരു കാറിടിച്ച് തകർന്ന മതിൽ പൂർവസ്ഥിതിയിലാക്കി ഒരുമാസം തികയും മുമ്പാണ് വീണ്ടും അപകടം. മലയിൻകീഴ് സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇയാളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഇവരുടെ വാഹനം രാജേഷ്‌കുമാറിന്റെ വീടിന്റെ മതിലും ഗേറ്റും ഇടിച്ചുതകർത്ത് വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന രാജേഷിന്റെ സഹോദരന്റെ വാഹനത്തിന്റെ പിന്നിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാറിന്റെ പിൻവശം പൂർണമായും തകർന്നു. രാജേഷും പ്രായമായ മാതാവുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. മുൻവശത്തെ മുറിയിൽ രാജേഷിന്റെ മാതാവ് കിടക്കുകയായിരുന്നു. ജനാലയുടെ ചില്ലും അപകടത്തിൽ തകർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരൂർക്കട പൊലീസെത്തി വാഹനമോടിച്ചയാളെ കസ്റ്റഡിയിലെടുത്തു. ഇവർക്ക് പരിക്കുകളില്ല. കുറച്ചുനാൾ മുമ്പ് സമീപത്തെ ഗ്രൗണ്ടിലേയ്‌ക്കും അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം പാഞ്ഞുകയറിയിരുന്നു.

അപായ ബോർഡുകൾ സ്ഥാപിക്കണം

ആദ്യമായി ഈ റോഡിലൂടെ പോകുന്ന വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപെടുന്നത്. മെച്ചപ്പെട്ട റോഡായതിനാൽ വാഹനങ്ങൾ അമിതവേഗത്തിലെത്തുക പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. അപായസൂചനാ ബോർഡുകൾക്ക് പുറമേ, റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. രാവിലെയും വൈകിട്ടും സ്‌കൂൾ-ഓഫീസ് സമയങ്ങളിലും ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. വളവിലായി ഇലക്ട്രിക്ക് പോസ്റ്റും നിൽക്കുന്നുണ്ട്. ഇതും വേഗതയിലെത്തുന്ന വാഹനങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എം.എൽ.എയ്ക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രികാലങ്ങളിൽ തെരുവ് വിളക്ക് കത്താതെ വരുമ്പോഴും മഴ പെയ്യുമ്പോഴും അപകടസാദ്ധ്യത ഇരട്ടിക്കുന്നുണ്ട്.