
തിരുവനന്തപുരം: അന്യനോടുള്ള കരുതലാണ് ശ്രീനാരായണഗുരുവിന്റെ സന്ദേശത്തിന്റെ കാതലെന്ന് എ.എ.റഹിം എം.പി. ശ്രീനാരായണഗുരുവിന്റെ 171 -ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തിന്റെ കാതൽ തന്നെ 'ഒരു 'എന്നതാണ്.നമ്മളെല്ലാം ഒന്നാണെന്ന സന്ദേശം പ്രകടമാക്കുന്നതാണ് 'ഒരു' എന്ന പ്രയോഗം . വെറുപ്പും വിഭാഗീയതും നിറഞ്ഞുനിൽക്കുന്ന ഈ കാലത്ത് 'ഒരു'എന്നതിന് അപാരമായ കരുത്തും ചാരുതയുമുണ്ട്. ആ കരുത്തിനെ തകർത്തെറിയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അദ്ധ്യക്ഷനായി.
ശ്രീനാരായണഗുരുവിന്റെ വാക്കുകൾ മൃതസഞ്ജീവനിയാകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനു മുൻപേ നടന്ന കർമ്മയോഗിയാണ് ശ്രീനാരായണഗുരു. എല്ലാ മേഖലയിലും കേരളം ഒന്നാമതെത്താൻ കാരണമായതിന്റെ അടിസ്ഥാനശില ഗുരുവാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ എ.അജികുമാർ,നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ.എസ്.എസ്.ലാൽ, ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്.ശിശുപാലൻ,അൽ ജവാഹിർ ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ അർഷദ് മുഹമ്മദ് നദ്‌വി, ഡോ.ഡി.രാജു, എസ്.ജ്യോതിസ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ആഘോഷക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷൈജുപവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കുണ്ടൂർ എസ്.സനൽ നന്ദിയും പറഞ്ഞു.