
ഉഴമലയ്ക്കൽ: പുതുക്കുളങ്ങര ജനസേവ ചാരിറ്റബിൾ സൊസൈറ്റിയുടെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ട്രോഫി വള്ളംകളി മത്സരം നാടിന് ആവേശമായി. കരമനയാറിലെ ഉഴമലയ്ക്കൽ മഞ്ചംമൂല കടവിൽ കഴിഞ്ഞ മൂന്ന് വർഷമായി മത്സരം നടക്കുന്നു.
മത്സരത്തോടനുബന്ധിച്ച് നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. ജനസേവ പുരസ്കാരം ഖോ ഖോ ലോക കപ്പ് ജേതാവ് ബി.നിഖിലിന് സമ്മാനിച്ചു. തുടർന്ന് വള്ളംകളിയുടെ ഫ്ലാഗ് ഓഫ് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി നിർവഹിച്ചു. സമാപന സമ്മേളനം സി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം അസീസ് നെടുമങ്ങാട് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ജനസേവ ഡയറക്ടർ പുതുക്കുളങ്ങര അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ മണികണ്ഠൻ,അരുവിയോട് സുരേന്ദ്രൻ,ടി.എസ്.രാജി,സി.എസ്.ഐ ഇടവക വികാരി എസ്.കെ.വിജയകുമാർ,പുതുക്കുളങ്ങര ഇമാം ഉനൈസ് മൗലവി,ഹരിശർമ്മ കുളപ്പട എന്നിവർ പങ്കെടുത്തു.
ഏഴ് പേർ തുഴയുന്ന ആറ് വള്ളങ്ങളും 16പേർ തുഴയുന്ന നാല് വള്ളങ്ങളും മത്സരത്തിൽ പങ്കെടുത്തു.
വള്ളംകളി മത്സരത്തിൽ ചെറിയ വള്ളങ്ങളുടെ മത്സരത്തിൽ പടക്കുതിര ഒന്നാം സ്ഥാനം നേടി. കാക്കാമൂല ചുണ്ടൻ രണ്ടാം സ്ഥാനവും ബ്രദേഴ്സ് കാക്കാമൂല മൂന്നാം സ്ഥാനവും നേടി. വലിയ വള്ളങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ബ്രദേഴ്സ് കാക്കാമൂലയും വടക്കേക്കര ചുണ്ടൻ രണ്ടാം സ്ഥാനം നേടി.മത്സരത്തിനിടെ പൂക്കോട് ചുണ്ടൻ എന്ന വള്ളം മറിഞ്ഞു.തുഴച്ചിൽകാർ നീന്തി കരയ്ക്ക് കയറി.