തിരുവനന്തപുരം: 'ഞങ്ങൾ രണ്ട് പെണ്ണുങ്ങളല്ലേ...പേടിപ്പിച്ച് നിറുത്താമെന്ന് അയാൾ കരുതിക്കാണും. ഓണത്തിന് പോലും കരഞ്ഞാണ് ഉറങ്ങിയത്..."ഏക മകൾ നെവിൻ സുൽത്താനെ ചേർത്തുപിടിച്ച് അമ്മ നസീറ പൊട്ടിക്കരഞ്ഞു. ക്യാൻസർ ബാധിതയായ അമ്മയുടെ കണ്ണുനീർ ഡിഗ്രി റാങ്ക് ജേതാവായ നെവിന്റെ കൈപ്പടയിൽ ഇറ്റുവീണു.

തിരുവനന്തപുരം ഗാന്ധാരിഅമ്മൻ കോവിലിന് സമീപത്തെ കെട്ടിടത്തിൽ ഹോംസ്റ്റേ നടത്താനായി നസീറ ജൂലായിൽ അഞ്ചുലക്ഷം രൂപയുടെ അഡ്വാൻസ് കെട്ടിടത്തിന്റെ ഉടമയ്ക്ക് നൽകി. പ്രതിമാസം 75000രൂപ വാടകയ്ക്കാണ് കരാർ ഉറപ്പിച്ചത്.ആറുനിലക്കെട്ടിടത്തിലെ നാലാംനിലയിലെ ഒൻപത് മുറികളാണ് ഹോംസ്റ്റേക്കായി വാങ്ങാൻ തീരുമാനിച്ചത്.

കെട്ടിടം സന്ദർശിച്ചപ്പോൾ ടോയ്‌ലെറ്റിന്റെയടക്കം പണി പൂർത്തിയായിട്ടില്ലായിരുന്നു. ഉടൻ പണി തീർക്കാമെന്ന് ഉടമ നസീറയെ വിശ്വസിപ്പിച്ചു.എന്നാൽ,ഒരുമാസം കഴിഞ്ഞിട്ടും വാക്കുപാലിച്ചില്ല.അഡ്വാൻസ് തിരികെ ആവശ്യപ്പെട്ടതോടെ ഫോണെടുക്കാതെയായി.

നെടുമങ്ങാട് സ്വദേശിയായ നസീറയുടെ സ്വന്തം വീട് കാലപ്പഴക്കത്താൽ നശിച്ചു.വർഷങ്ങൾക്ക് മുൻപേ ഭർത്താവുമായി പിരിഞ്ഞു.പന്ത്രണ്ടുവർഷമായി മെഡിക്കൽ കോളേജിന് സമീപം ആർ.സി.സിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ലോഡ്ജ് നടത്തുകയായിരുന്നു.ഈ കെട്ടിടത്തിന്റെ ഉടമ കെട്ടിടം വിൽക്കാൻ തീരുമാനിച്ചപ്പോഴാണ് പുതിയ ഇടത്തേക്ക് മാറാൻ തീരുമാനിച്ചത്.ഒരുവർഷം മുൻപ് ബ്രെസ്റ്റ് ക്യാൻസർ വന്നു.സ്വകാര്യാശുപത്രിയിൽ കീമോ ചെയ്യുന്നുണ്ട്.

കരഞ്ഞുതളർന്നു

പണി പൂർത്തിയാക്കി കൊടുക്കാതായതോടെ നസീറ തമ്പാനൂർ പൊലീസിൽ പരാതിപ്പെട്ടു.ഇതോടെ കെട്ടിടയുടമ പലരീതിയിൽ ബുദ്ധിമുട്ടിച്ചുവെന്ന് നസീറ പറയുന്നു.ജൂലായ് മുതൽ പണി പൂർത്തിയാകാത്ത ഇതേ കെട്ടിടത്തിൽ തന്നെയാണ് നസീറ താമസിക്കുന്നത്.കെട്ടിടത്തിലെ വൈദ്യുതിയും വെള്ളവും ഉടമ കട്ടാക്കി.ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ രോഗിയായ നസീറ നാലാംനിലയിലേക്ക് നടന്ന് കയറണം. സിമന്റ് പൊടിയടിച്ച് ശ്വാസംമുട്ടലുണ്ട്.ഡൽഹി എയിംസിൽ സോഷ്യൽവർക്കിൽ പി.എച്ച്.ഡി സ്കോളറായ മകൾ നെവിന്റെ വിവാഹം ഓഗസ്റ്റിലായിരുന്നു.കല്യാണത്തലേന്നും വൈദ്യുതിയില്ലായിരുന്നു.'കേസിനുപോകാൻ ആവതില്ല.കൊടുത്ത പണമെങ്കിലും തിരികെ തന്നാൽ മതി..."നസീറ പറയുന്നു. നെവിന്റെ പഠനവും ഇതോടെ മുടങ്ങി.

മന്ത്രിമാരുടെ ഉറപ്പ്

മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും ഇന്നലെ നസീറയെയും മകളെയും സന്ദർശിച്ചു. പണം തിരികെ ലഭിക്കാൻ എല്ലാസഹായങ്ങളും ചെയ്യാമെന്ന് വാഗ്ദാനം നൽകി. തമ്പാനൂർ പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്.