aa
ടി.ഹരീഷ്റാവു

പിതാവ് കെ. ചന്ദ്രശേഖരറാവു ബി.ആർ.എസിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെ തുടർന്ന് പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച കെ. കവിത ഇനി എന്തു ചെയ്യുമെന്നാണ് തെലങ്കാനയിലെ രാഷ്ട്രീയ കുതുകികൾ ഉറ്റുനോക്കുന്നത്. ആവശ്യപ്പെട്ട ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിലുള്ള അസ്വാരസ്യമാണ് കവിതയുടെ പുറത്തേക്കു പോകലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. കവിതയുടെ സഹോദരൻ കെ.ടി. രാമറാവുവാണ് വർക്കിംഗ് പ്രസിഡന്റ്!

കെ.ടി.ആറിനുള്ള ജനസ്വാധീനവും പാർട്ടിക്കാർക്കിടയിലെ സ്വാധീനവുമൊന്നും കവിതയ്ക്കില്ല. സംസ്ഥാനത്തോ കേന്ദ്രത്തിലോ അധികാരമില്ലാത്ത പാർട്ടിയിലെ പദവിക്കു വേണ്ടി വടംവലി നടത്തേണ്ട സാഹചര്യവും നിലവില്ല. അതുകൊണ്ടുതന്നെ ഈ സംഭവിച്ചതൊക്കെ ഒരു 'രാഷ്ട്രീയ നാടക"ത്തിന്റെ ഭാഗമാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ഒൻപതര വർഷം തുടർച്ചയായി തെലങ്കാന ഭരിച്ച ബി.ആർ.എസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് 27 സീറ്റ്. 75 സീറ്റ് നേടി കോൺഗ്രസിന്റെ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി. ലോകസഭാ തിരഞ്ഞെടുപ്പിലും ബി.ആർ.എസ് 'സംപൂജ്യ"രായതോടെ പാർട്ടിയുടെ നിലനില്പ് പരുങ്ങലിലായി.

തെലങ്കാന സംസ്ഥാന രൂപീകരണത്തിനു വേണ്ടി ചന്ദ്രശേഖര റാവു രൂപീകരിച്ച് പോരാട്ടം നടത്തിയ പാർട്ടി സംസ്ഥാന രൂപീകരണം പിന്നിട്ട് 10 വർഷം പിന്നിടുമ്പോഴേക്കും തകർന്നു തരിപ്പണമാവുകയാണോ എന്നു വരെ ചർച്ചകൾ നടന്നു. ഡൽഹി മദ്യനയ അഴിമതി കേസിൽ കെ. കവിത പ്രതിയാവുകയും പിന്നീട് ജയിലാവുകയും ചെയ്തത് പാർട്ടിയുടെ പ്രതിച്ഛായ തകർത്തു. പക്ഷെ, കെ.സി.ആറിന് മക്കളോടുള്ള ഇഷ്ടം അറിയാവുന്നവരൊന്നും കവിതയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ പരസ്യ പ്രതിഷേധമുയർത്തിയില്ല. പക്ഷെ, ഒടുവിലിതാ,​ കെ. കവിത ബി.ആർ.എസ് വിട്ടിരിക്കുന്നു!

ഒരു തെലുഗു

തിരക്കഥ

ഒരു തിരക്കഥയിലെന്നപോലെ സംഭവങ്ങൾ. ആദ്യം കവിത അച്ഛനെഴുതിയ കത്തിലെ വിവരങ്ങൾ പുറത്താകുന്നു. അതിൽ സ്വന്തം സഹോദരൻ കെ.ടി.രാമറാവുവിനെതിരെ വരെ പരാമർശങ്ങളുണ്ടായിരുന്നു. പിന്നീട് കെ.സി.ആറിനെതിരെ തെലങ്കാന സർക്കാർ കാലേശ്വരം ജലസേചന പദ്ധതി അഴിമതിയിൽ സി.ബി.ഐ അന്വേഷണത്തിന് തീരുമാനിക്കുന്നു. ഈ അഴിമതി കേസിൽ കെ.സി.ആറിനെ പെടുത്തിയതാണെന്നും അതിന് കാരണക്കാർ പാർട്ടി നേതാക്കളായ മുൻ മന്ത്രി ടി. ഹരീഷ് റാവും മുൻ എം.പി. സന്തോഷ് കുമാറുമാണെന്ന് ആരോപിക്കുന്നു. അടുത്ത ദിവസം കെ.സി.ആർ തന്നെ മകളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നു. 24 മണിക്കൂർ തികയും മുമ്പ് കവിത പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നു.

ബി.ആർ.എസിനെ ബി.ജെ.പിയുമായി ലയിപ്പിക്കാൻ ശ്രമിക്കുന്നതായി നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചാണ് കവിത പാർട്ടി വിട്ടത്. അതുകൊണ്ടു തന്നെ ബി.ജെ.പിയിലേക്കു പോകാൻ സാദ്ധ്യത കുറവാണ്. പിതാവിനെതിരെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ രംഗത്തെത്തിയ കവിത കോൺഗ്രസിലേക്കും പോകാനിടയില്ലെന്ന വിലയിരുത്തലുമുണ്ട്.

അനന്തരവൻ

അപ്പുറത്ത്

പാർട്ടിയിൽ കവിത പരസ്യമായി വിമർശിച്ചവരിൽ പ്രധാനി ടി. ഹരീഷ്റാവുമാണ്. ചന്ദ്രശേഖര റാവുവിന്റെ സഹോദരീപുത്രനാണ് ഹരീഷ്. മറ്റൊരാൾ സന്തോഷ്‌കുമാറാണ്. കെ.സി.ആറിന്റെ ഭാര്യാസഹോദരീപുത്രൻ. പാർട്ടിയിൽ കെ.സി.ആർ കഴിഞ്ഞാൽ ജനകീയ അടിത്തറയുള്ള നേതാവാണ് ഹരീഷ്. കെ.ടി.ആറുമായും ഹരീഷിന് പ്രശ്നമൊന്നുമില്ല. ഒരു അഹങ്കാരി ഇമേജാണ് കവിതയ്ക്കുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ ഉണ്ടാകും. കവിത മാറിനിന്നാലും ദോഷമൊന്നും സംഭവിക്കാനില്ല. ഈ കണക്കു കൂട്ടലിലാണ് കവിതയെ പുറത്താക്കാൻ കെ.സി.ആർ തീരുമാനിച്ചതെന്നാണ് പാർട്ട് നേതാക്കളുടെ നിഗമനം.

കവിത ഉന്നയിച്ച ആരോപണങ്ങൾക്ക് നേരിട്ട് മറുപടി നൽകില്ലെന്നാണ് ടി. ഹരീഷ് റാവു ശനിയാഴ്ച പ്രതികരിച്ചത്. തന്റെ 25 വർഷത്തെ രാഷ്ട്രീയയാത്ര സുതാര്യവും തെലങ്കാനയിലെ ജനങ്ങൾക്ക് അറിയാവുന്നതുമാണ്. ചില രാഷ്ട്രീയ പാർട്ടികൾ കുറച്ചുകാലമായി തനിക്കെതിരെ നടത്തുന്ന അതേ അഭിപ്രായങ്ങളാണ് കവിത പറഞ്ഞത്. കെ.സി.ആറിന്റെ 'അച്ചടക്കമുള്ള സൈനികനായി" പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ചടുലനീക്കങ്ങൾകൊണ്ട് എതിരാളികളെ ഞെട്ടിച്ചിട്ടുള്ള കെ.സി.ആർ മറ്റൊരു തന്ത്രമാണ് ഇപ്പോൾ പയറ്റുന്നതെന്ന് സംശയിക്കുന്നവർ ബി.ആർ.എസിൽ തന്നെയുണ്ട്. കവിതയ്ക്കെതിരെയുള്ള കേന്ദ്ര അന്വേഷണം തണുപ്പിക്കുകയാണത്രേ ലക്ഷ്യം. പാർട്ടിക്ക് പുറത്തുപോയ കവിത എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ബി.ജെ.പി നേതൃത്വവുമായി അടുത്തേക്കും. ഇല്ലെങ്കിൽ ബി.ജെ.പി ബന്ധം ആരോപിച്ച കവിതയെ പുറത്താക്കിയ കാരണം ചൂണ്ടികാട്ടി ബി.ആർ.എസ് നേതാക്കളാരെങ്കിലും ബി.ജെ.പി നേതൃത്വവുമായി സന്ധി ചെയ്യും. രണ്ടായാലും ലക്ഷ്യം ഒന്നു തന്നെ.