തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ മനുഷ്യരെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ സമൂഹത്തിന് ഏറെ ആവശ്യമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ഗുരു പഠിപ്പിച്ചു. അറിവാണ് ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം വിശ്വസിച്ചു. വിവിധങ്ങളായ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് ശ്രീനാരായണ ഗുരുധർമ്മങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നത്.സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഗുരുവിന്റെ ദർശനങ്ങൾ എന്നും വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു.എസ്.എൻ.ഡി.പി യോഗം പേട്ട ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖ പ്രസിഡന്റ് തോപ്പിൽ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ടി.പി.സെൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ആന്റണി രാജു എം.എൽ.എ, എസ്.എൻ.ബി.സി.എം.ബി.സി പേട്ട പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ, മുൻ എം.എൽ.എ ടി.ശരത്ചന്ദ്ര പ്രസാദ്, ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്.പി.ദീപക്, നഗരസഭ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എസ്.സുജാദേവി, മുൻ കൗൺസിലർ ഡി.അനിൽകുമാർ, ഡോ.ജയപ്രകാശ് നാരായണൻ, ഡോ.കെ.സുധീഷ്ണൻ, പ്രൊഫ.പി.ജി.ജയപ്രകാശ്, ഡോ.വി.ആർ.നന്ദിനി, ശാഖ സെക്രട്ടറി ജി.സന്തോഷ്, എൻ.ആർ.ബോബി, എസ്.പി.സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.