1

വിഴിഞ്ഞം: കേരളത്തിന് ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖത്ത് ചരിത്രനേട്ടം.16.95 മീറ്റർ ഡ്രാഫ്ടുള്ള കണ്ടെയ്നർ കപ്പൽ കൈകാര്യം ചെയ്തതിന്റെ റെക്കാഡാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നേടിയത്. ഇന്ത്യയിൽ ഇത്രയും ഡ്രാഫ്ടുള്ള കപ്പൽ അടുപ്പിക്കുന്ന രണ്ടാമത്തെ തുറമുഖമായി വിഴിഞ്ഞം മാറി. ആദ്യത്തേത് മുന്ദ്ര തുറമുഖമാണ്. എന്നാൽ ഇവിടെയും വേറിട്ട് നിൽക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.മുന്ദ്ര തുറമുഖത്ത് ഡ്രഡ്ജിംഗിലൂടെയാണ് ഈ ആഴം കണ്ടെത്തിയതെങ്കിൽ വിഴിഞ്ഞത്തേത് സ്വാഭാവിക ആഴമെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽ രണ്ടാമത്തെ ഡ്രാഫ്ട് കൂടിയ കപ്പൽ എം.എസ്.സി വിർജിനിയ ഇന്നലെ രാവിലെയാണ് സ്പെയിനിലേക്ക് ചരക്കുമായി യാത്ര തിരിച്ചത്.അദാനി മുന്ദ്ര തുറമുഖത്തുനിന്ന് വിഴിഞ്ഞത്തെത്തുമ്പോൾ 16 മീറ്ററായിരുന്നു കപ്പലിന്റെ ഡ്രാഫ്ട്. ഏതാണ്ട് 5000 ടി.ഇ.യു ചരക്ക് വിഴിഞ്ഞത്തു നിന്ന് കയറ്റിയതോടെയാണ് 16.95 ആയി വർദ്ധിച്ചത്.

ഇതിനുമുൻപ് 16.8 മീറ്ററായിരുന്നു വിഴിഞ്ഞത്തെത്തിയ ഡ്രാഫ്റ്റ് കൂടിയ കപ്പൽ. ഇതുവരെ 16.5 മീറ്ററിൽ കൂടുതൽ ഡ്രാഫ്ടുള്ള 17 കപ്പലുകൾ വിഴിഞ്ഞത്തെത്തി ചരക്കുനീക്കം നടത്തി മടങ്ങി.18 മീറ്റർ മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി ആഗോള മാരിടൈം മേഖലയ്ക്ക് മുന്നിൽ തെളിയിക്കാൻ ഇതോടെ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.