തിരുവനന്തപുരം: ഓണം ഹാങ്ങോവർ തീർന്ന് ജോലിത്തിരക്കുകളിലേക്ക് മടങ്ങുന്നതിന് മുൻപ് നഗരവീഥികളിലേക്ക് ആളുകൾ ഒഴുകിയെത്തി.ചതയദിനവും നാലാം ഓണവും ഞായറാഴ്ചയുമായ ഇന്നലെ നഗരം ജനസാഗരമായി.ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓണം വാരാഘോഷം സംഘടിപ്പിക്കുന്ന വിവിധ വേദികളിൽ ആർപ്പുവിളികളും ആരവങ്ങളും മുഴങ്ങി. കനകക്കുന്നിലെ അലങ്കാരങ്ങളും പ്രദർശനങ്ങളും കാണാൻ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
നിശാഗന്ധിയിൽ അരങ്ങേറിയ ‘ദി ആർട്ട് ഓഫ് ഇൻഫിനിറ്റ്’ നൃത്ത പരിപാടി കാണികൾക്ക് കൗതുകമായി. പിന്നണി ഗായകൻ മനോ നയിച്ച മ്യൂസിക് ലൈവ് കൺസേർട്ട് കാണാനും നിരവധി പേരെത്തി. വിൽപ്പാട്ട്, ശീതങ്കൻ തുള്ളൽ, ഓതറ പടയണി വഞ്ചിപ്പാട്ട് തുടങ്ങിയവയും ചെണ്ടമേളം, പഞ്ചവാദ്യം, ഗാനമേള, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും ആസ്വദിക്കാൻ ഏറെ ആളുകളെത്തി. ഗാന്ധിപാർക്കിൽ എത്തിയവരെ സ്വാഗതം ചെയ്തത് ചരിത്രം തുളുമ്പുന്ന കഥാപ്രസംഗങ്ങളാണ്.
രാത്രി നടന്ന ഡ്രോൺ ഷോ കാണാൻ കുടുംബസമേതമാണ് ആളുകളെത്തിയത്.തലസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഡ്രോൺ ഷോ നടക്കുന്നത്. തിരക്ക് കണക്കാക്കി നിയമസഭാ മന്ദിരത്തിന് മുന്നിലും പാളയത്തുമായി ഇടം പിടിച്ചവരുമുണ്ട്.
ജുഗൽബന്ദി നൃത്തപരിപാടിയും കഥകളിയും ഗാനമേളയും കഥാപ്രസംഗവുമൊക്കെ ഇന്ന് വിവിധ വേദികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓണം വാരാഘോഷം നാളെ സമാപിക്കും.