
നെടുമങ്ങാട്: പൈതൃക നഗരിയായ നെടുമങ്ങാട് ഓണോത്സവ ആവേശത്തിന് ഇന്ന് പരിസമാപ്തി. സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും നഗരസഭയും ചേർന്ന് നെടുമങ്ങാട് കല്ലിംഗൽ ജംഗ്‌ഷനിൽ സംഘടിപ്പിച്ച ഓണോത്സവം-25ൽ പതിനായിരങ്ങൾ സന്ദർശിച്ചു. അമ്യൂസ്‌മെന്റ് കാർണിവൽ പാർക്കിലെ മരണക്കിണറും ഡ്രാഗൺ ട്രെയിനും ആകാശത്തൊട്ടിലും അന്നലൂഞ്ഞാലും വിദ്യാർത്ഥികളെയും യുവതിയുവാക്കളെയും കൊണ്ട് നിറഞ്ഞു.വളർത്തുമൃഗങ്ങളും അലങ്കാര കോഴികളും കാണാൻ അക്വാ ആൻഡ് പെറ്റ് ഷോ പവലിയനിൽ തിക്കും തിരക്കുമാണ്. ഇന്ന് വൈകിട്ട് 5ന് നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.നടൻ അർജുൻ അശോക് വിശിഷ്ടാതിഥിയാവും. 6.30ന് പിന്നണി ഗായിക അഞ്ജു ജോസഫിന്റെ സംഗീത നിശയോടെ കൊടിയിറങ്ങും.