തിരുവനന്തപുരം: തിരുവോണനാളിൽ തൈക്കാട് സംസ്ഥാന ശിശുക്ഷേമസമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞിനെ ലഭിച്ചു.രാവിലെ 11.45ന് ലഭിച്ച നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് തുമ്പ എന്ന് പേരിട്ടു.കുഞ്ഞിന് 2.86 കി.ഗ്രാം തൂക്കമുണ്ടെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു. പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ തിരികെ സമിതി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ചു.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന 11-ാമത്തെ കുരുന്നാണ് തുമ്പ.കഴിഞ്ഞ തിരുവോണ നാളിൽ പത്തനംതിട്ട അമ്മ തൊട്ടിലിലും കുഞ്ഞിനെ ലഭിച്ചിരുന്നു. നിലവിലുള്ള ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം 170 കുട്ടികളെയാണ് ഉചിതമായ മതാപിതാക്കളെ നിയമപരമായി കണ്ടെത്തി ദത്ത് നൽകിയത്.ഇത് സർവകാല റെക്കാഡാണ്.തുമ്പയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെടെണമെന്ന് ജി.എൽ. അരുൺ ഗോപി അറിയിച്ചു.