
സ്ഥലപരിമിതിയും ഡോക്ടർമാരുടെ കുറവും
വാമനപുരം: സ്ഥലപരിമിതിയിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലും വീർപ്പുമുട്ടി വാമനപുരം കുടുംബാരോഗ്യ കേന്ദ്രം. 6 കോടി ഇരുപത് ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമ്മിച്ച പുതിയ വാർഡും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും 2024 ഫെബ്രുവരിയിൽ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തിരുന്നു.എന്നാൽ ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഉദ്ഘാടനം നടത്തിയതല്ലാതെ കെട്ടിടത്തിനകത്ത് വേണ്ട സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. ഒരുകാലത്ത് കിടത്തി ചികിത്സയും പ്രസവവും പോസ്റ്റുമോർട്ടം വരെയുണ്ടായിരുന്ന ആശുപത്രിയിലിന്ന് രോഗികളെത്തിയാൽ ആവശ്യത്തിന് ഡോക്ടർമാരുമില്ല, നിൽക്കാൻ സ്ഥലവുമില്ല.
നെല്ലനാട് പഞ്ചായത്തിന്റെയും വാമനപുരം പഞ്ചായത്തിന്റെയും അരിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അഞ്ഞൂറോളം രോഗികൾ പ്രതിദിനം ചികിത്സ തേടിയെത്തുന്നു.
പരിശോധനയ്ക്ക് ഡോക്ടർമാരില്ല
ഏഴ് ഡോക്ടർമാരുടെ ആവശ്യമുണ്ട്. രണ്ട് ഒഴിവാണ് നിലവിലുള്ളത്. അഞ്ച് ഡോക്ടർമാരിൽ മെഡിക്കൽ ഓഫീസർക്ക് ഓഫീസ് സംബന്ധമായ ജോലി കൂടിയുള്ളതിനാൽ മിക്കപ്പോഴും രോഗികളെ പരിശോധിക്കാൻ കഴിയാറില്ല. ശേഷിക്കുന്ന ഡോക്ടർമാരിൽ 3പേർ ഉച്ചവരെയും 2പേർ ഉച്ചയ്ക്ക് 1 മുതൽ 6 വരെയും രോഗികളെ പരിശോധിക്കുന്നു. രാത്രി ഡോക്ടർമാരുമില്ല. രണ്ട് ദിവസത്തിലൊരിക്കൽ ഡോക്ടർമാരിലൊരാൾ പ്രതിവാര അവധിയിലാവുന്നതിനാൽ ആ ദിവസങ്ങളിൾ ബാക്കി ഡോക്ടർമാർക്ക് ഇത്രയും രോഗികളെ പരിശോധിക്കേണ്ടതായും വരുന്നു.
മണിക്കൂറുകളോളം
കാത്തുനിൽക്കണം
ഡോക്ടർമാരെ കാണാനെത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇടുങ്ങിയ കെട്ടിടത്തിനുള്ളിൽ വൃദ്ധരും ഗർഭിണികളും കുട്ടികളുമായി വരുന്നവരൊക്കെ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഒ.പിയും മറ്റും പുതിയ കെട്ടിടത്തിലേക്ക് മാറിയിരുന്നെങ്കിൽ സ്ഥലപരിമിധിക്ക് പരിഹാരമാകും.